അടിമാലി: വർഷങ്ങൾക്ക് മുമ്പ് അരക്കോടിയിലേറെ രൂപ മുടക്കിയ സ്ഥലം കാടുകയറി മൂടിയിട്ടും മാങ്കുളത്ത് ബസ് സ്റ്റാൻഡ് നിർമാണം ആരംഭിച്ചിട്ടില്ല. 80 സെന്റ് ഭൂമിയാണ് വാങ്ങിയത്. റേഷൻകട സിറ്റിയിൽ സ്ഥലം വാങ്ങിയിട്ട് ഒരു പതിറ്റാണ്ടാകാറായെന്ന് പ്രദേശവാസികൾ പറയുന്നു. അടുത്തിടെ 40 ലക്ഷം രൂപ എം.എൽ.എ ഫണ്ട് സ്റ്റാൻഡ് നിർമാണത്തിനായി വകയിരുത്തിയതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഗ്രാമപഞ്ചായത്തിൽനിന്നും തുക മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ പണി ആരംഭിച്ചിട്ടില്ല.
സ്ഥലം കാടുകയറി മൂടിയതോടെ ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും മൂലം പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. ഇതുവഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി സർവിസ് ബസുകൾ മാങ്കുളത്ത് എത്തുന്നുണ്ട്. ഇവ ടൗണിൽ നിർത്തിയിടുന്നത് മൂലം പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകും. സ്റ്റാൻഡ് വരുന്നതോടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഗ്രാമപഞ്ചായത്ത് വകയിരുത്തിയ ഫണ്ട് സമയബന്ധിതമായി വിനിയോഗിച്ചില്ലെങ്കിൽ ലാപ്സാകുമെന്ന് ഒരുവിഭാഗം ജനപ്രതിനിധികൾ പറയുന്നു.
മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പ്രസിഡന്റ് വിനീത സജീവൻ പറഞ്ഞു. സ്വകാര്യ ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.