കട്ടമുടി ആദിവാസി കോളനിയിലെ ജലനിധി പദ്ധതിയിലെ കുളവും മോട്ടോർ പുരയും
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന ആദിവാസി സങ്കേതമായ കട്ടമുടിയിൽ കുടിവെള്ളത്തിനായി ആദിവാസികൾ നെട്ടോട്ടത്തിൽ. ജലനിധി പദ്ധതിയടക്കം നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും കുടിവെള്ളം കിട്ടണമെങ്കിൽ വനവാസികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
കട്ടമുടി കാണിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന വലിയ കുളം ജലനിധി പദ്ധതിക്കായി ഏറ്റെടുത്തിരുന്നു. പമ്പ് ഹൗസും മറ്റും സ്ഥാപിച്ച ശേഷം എൽ.പി സ്കൂളിന് മുകൾ ഭാഗത്തായി കുറ്റൻ ടാങ്ക് നിർമിക്കുകയും കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്ത് വെള്ളം ടാങ്കിൽ നിറച്ച് എല്ലാ വീടുകളിലും എത്തിക്കുന്ന വലിയ പദ്ധതിയാണ് വിഭാവനം ചെയ്തത്. ടങ്ക് നിർമാണവും പൈപ്പ് നിർമാണവും വീടുകളിൽ കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങളും നടത്തി. എന്നാൽ, ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് പദ്ധതിക്കായി സ്ഥാപിച്ചത്. ഇതോടെ പൈപ്പുകൾ പൊട്ടി. 50 ലക്ഷത്തോളമാണ് പദ്ധതിക്ക് വിനിയോഗിച്ചത്.
കട്ടമുടിയിലെ 200 കുടുംബങ്ങൾക്കും തൊട്ടടുത്ത കുഞ്ചിപ്പെട്ടി ആദിവാസി കോളനിയിലെ 60ലേറെ കുടുംബങ്ങൾക്കും വെള്ളം എത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്. പദ്ധതി സംബന്ധിച്ച നിരവധി പരാതികൾ ജലനിധി അധികൃതരോ പഞ്ചായത്തോ കേൽക്കാൻപോലും തയാറായില്ലെന്ന് ആദിവാസികൾ പറയുന്നു. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.