അടിമാലി: ജില്ലയിൽ സായാഹ്ന ഒ.പി പ്രവർത്തനം തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ മുടങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി നടത്താനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഇതിലേക്കു ഡോക്ടറെ നിയമിക്കേണ്ടതും ശമ്പളം നൽകേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനുള്ള ഗ്രാന്റ് സർക്കാർ നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇന്റർവ്യൂ നടത്തിയാണ് നിയമനം നടത്തേണ്ടത്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ മുഖംതിരിക്കുന്നത് കാരണം ഡോക്ടർമാരെയോ ഇതര ജീവനക്കാരെയോ നിയമിക്കാൻ കഴിയുന്നില്ല.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കൽ ഓഫിസർ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്റർവ്യൂ ബോർഡ്. ഇവർ നിയമനം നടത്തിയാൽ അക്കാര്യം കലക്ടറെ രേഖാമൂലം അറിയിക്കണം. എന്നാൽ, ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കലക്ടറേറ്റിൽനിന്ന് ലഭിക്കുന്ന വിവരം. സർക്കാറിന്റെ പുതിയ ഉത്തരവനുസരിച്ചു കലക്ടറുടെ പ്രതിനിധിയായി ഡെപ്യൂട്ടി കലക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകണം. കലക്ടറുടെ പ്രതിനിധിക്കു വേണ്ടി പഞ്ചായത്ത് സെക്രട്ടറിമാർ കലക്ടർക്ക് അപേക്ഷ നൽകണം. എന്നാൽ, ഇതുവരെ അതിനുള്ള നടപടി പഞ്ചായത്തുകൾ നടത്തിയിട്ടില്ല.
ജില്ലയിൽ 41 പി.എച്ച്.സിയാണുള്ളത്. ഇവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇതിൽ 19 ആശുപത്രിയിൽ കുടുംബാരോഗ്യ കേന്ദ്രമാകുന്നതിന് സജ്ജമാക്കി. 12 ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർ വേണം.
എട്ടു മുതൽ രണ്ടുവരെ രണ്ട് ഡോക്ടർമാരും വൈകീട്ട് ആറുവരെ ഒരു ഡോക്ടറും വേണം. ഇതിന്റെ നിയമനമാണ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്. താൽക്കാലിക ഡോക്ടറെ പഞ്ചായത്ത് നിയമിക്കാത്തതാണ് സായാഹ്ന ഒ.പി മുടങ്ങാൻ കാരണം. അതേസമയം, മറ്റു ജില്ലകളിൽ കലക്ടറുടെ പ്രതിനിധി ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡ് നേരത്തേ തന്നെ സജീവമായിരുന്നു. കൂടാതെ പഞ്ചായത്ത് ഫാർമസിസ്റ്റ്, നഴ്സിങ് ഓഫിസർ, ലാബ് ടെക്നീഷൻ എന്നിവരെയും താൽക്കാലികമായി നിയമിക്കണം. ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടു ഡോക്ടറെ നിയമിക്കാൻ കഴിയാത്ത സ്ഥിതിയിലാണു തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്.
പല പേരിലും അറിയപ്പെട്ടിരുന്ന ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി കൂടി വന്നതോടെയാണ് ഇവയുടെ പേര് കുംടുംബാരോഗ്യ കേന്ദ്രമായി മാറിയത്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ഞായറാഴ്ചയും ആശുപത്രികൾ അടഞ്ഞുകിടക്കുന്നു. അതുപോലെ ജില്ല, താലൂക്ക്, കമ്യൂണിറ്റി ആശുപതികളിൽ ഉച്ചക്ക് ഒരു മണിയോടെ ഒ.പി നിർത്തുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുടെ തള്ളിക്കയറ്റമാണ്.
ഇതോടെ അത്യാഹിതങ്ങളിൽ പെട്ട് വരുന്നവർക്ക് മതിയായ ചികിത്സയും നൽകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ ആശുപത്രിയിലും സായാഹ്ന ഒ.പികൾ തുടങ്ങണം. 42 പ്രാഥമിക ആശുപത്രിക്ക് പുറമെ രണ്ട് ജില്ല ആശുപത്രി, നാല് താലൂക്ക് ആശുപത്രി, 13 കമ്യൂണിറ്റി ആശുപത്രി എന്നിവയാണ് ജില്ലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.