അടിമാലി: മാങ്കുളം വിരിഞ്ഞപാറയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി എത്തിയ കാട്ടാനകളാണ് നാശം വിതച്ചത്. തങ്കച്ചന്, സനല്‍, ദേവസ്യ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശം വിതച്ചത്. കപ്പ, വാഴ, കൊക്കോ, തെങ്ങ്, ജാതി, കുരുമുളക്, ഏലം ഉൾപ്പെടെ കൃഷികളാണ് നശിപ്പിച്ചത്.
ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചാല്‍ കാട്ടാന ശല്യം ഒഴിവാക്കാമെന്നിരിക്കെ ഈ ആവശ്യം അംഗീകരിക്കാത്തതാണ് കാട്ടാനകള്‍ കൃഷി നശിപ്പിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്ന് മാസത്തിനിടെ നിരവധി കര്‍ഷകരുടെ കൃഷി കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ഈ വര്‍ഷം മാങ്കുളം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡിലും കാട്ടാന ശല്യം ഉണ്ടായിരുന്നു. വനപാലകരെ തടഞ്ഞുവെക്കുകയും ഡി.എഫ്.ഒ ഓഫിസ് ഉപരോധം ഉൾപ്പെടെ സമരങ്ങള്‍ നടത്തിയെങ്കിലും കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടി ഉണ്ടായില്ല.
കാട്ടാനകളെ തുരുത്തുന്നതിനിടെ മൂന്ന് വനപാലകര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ ഇവ തകര്‍ക്കുകയും ചെയ്തിരുന്നു. കാട്ടുപന്നി ശല്യവും മാങ്കുളം പഞ്ചായത്തില്‍ അതിരൂക്ഷമാണ്. മാങ്കുളം ടൗണ്‍ ഉള്‍പ്പെടെ കാട്ടുപന്നി ശല്യമുണ്ട്. എന്നാല്‍, കൃഷിയിടങ്ങളില്‍നിന്ന് വന്യമൃഗങ്ങളെ ഒഴിവാക്കാന്‍ നടപടി ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.