അടിമാലി: ദേവിയാര്‍ പുഴയില്‍ മാലിന്യം അടിഞ്ഞതോടെ തീരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും പതിവായി. ദേവിയാര്‍ പുഴയില്‍ ഇരുമ്പുപാലം ടൗണിനോട് ചേര്‍ന്നാണ് വന്‍തോതില്‍ മാലിന്യം കുമിഞ്ഞിരിക്കുന്നത്. ഇരുമ്പുപാലം, പത്താംമൈല്‍, വാളറ എന്നിവിടങ്ങളിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്. ബുധനാഴ്ച മേഖലയില്‍ വേനല്‍ മഴ ലഭിച്ചിരുന്നു. ഇത് പുഴയില്‍ ചെറിയ തോതില്‍ നീരൊഴുക്ക് ഉണ്ടാക്കി. ഇതോടെയാണ് മലിന്യം പുഴയിലാകെ വ്യാപിച്ചത്. പുഴയില്‍നിന്ന് ദുര്‍ഗന്ധവും ഉയരുന്നുണ്ട്. വ്യാഴാഴ്ച പുഴയില്‍ കുളിച്ച നിരവധി പേര്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.
വേനല്‍ കനത്തതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് പുഴയിലെ വെള്ളം കുടിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ദേവിയാര്‍ പുഴ ശുചീകരിച്ച് സംരക്ഷിക്കുന്നതായി അവകാശപ്പെട്ട് അടിമാലി പഞ്ചായത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു. ക്ലീന്‍ ദേവിയാര്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കോടികള്‍ ചെലവഴിച്ചെങ്കിലും പദ്ധതികള്‍ പാളിയതാണ് പുഴയില്‍ മാലിന്യം നിറയാന്‍ കാരണം.
പ്രദേശവാസികളും കച്ചവടക്കാരും പുഴയെ കുപ്പത്തൊട്ടിയാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതോടെ പുഴയിലെ വെള്ളം പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല. അടിമാലി ടൗണില്‍നിന്ന് ഉദ്ഭവിച്ച് പെരിയാറില്‍ സംഗമിക്കുന്ന പുഴയാണ് ദേവിയാര്‍. അടിമാലിയിലെ തോടുകളിലെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ട്.
കൂടാതെ ഫാക്ടറി മാലിന്യക്കുഴലുകളും കക്കൂസ് കുഴലുകളും പുഴയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നതായും കണ്ടെത്തി. ചിലയിടങ്ങളില്‍ പുഴയിലെ വെള്ളത്തിന് നിറവ്യത്യാസവുമുണ്ട്. ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, ആശുപത്രികള്‍ എന്നിവയുടെ മാലിന്യവും ദേവിയാര്‍ പുഴയിലേക്കാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.