അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാമാലിൽ ജൽ ജീവൻ മിഷന്റെ പൈപ്പിടൽ ജോലികൾ തടഞ്ഞ് നാട്ടുകാർ. റോഡിന്റെ ടാറിങ് ഉൾപ്പെടെ കുത്തിപ്പൊളിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ വാഹനങ്ങളും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തും പ്രതിഷേധിച്ച സമരക്കാർ, റോഡിൽ പച്ചക്കറി കൃഷി ഇറക്കുകയും ചെയ്തു.
കലക്ടർ എത്തിയാലേ സമരത്തിൽനിന്ന് പിന്മാറൂവെന്നും അറിയിച്ചു. പൈപ്പിടൽ ജോലികൾക്ക് എത്തിച്ച വാഹനങ്ങളും കരാറുകാരുടെ വാഹനങ്ങളും ഉൾപ്പെടെയാണ് തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി നിർമാണം തടഞ്ഞത്. എന്നാൽ, ജനപ്രതിനിധികൾ ആരും എത്തിയില്ല. കലക്ടർ എത്തി പുതിയ റോഡ് നിർമിച്ചു നൽകുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ വാഹനങ്ങൾ വിട്ടുനൽകൂവെന്ന് നാട്ടുകാർ പറഞ്ഞു.
കെ.എം. ബീനമോൾ റോഡിൽനിന്ന് മാങ്ങാപ്പാറ-ചേപ്ലാംകുഴി-കടമാൻപടി റോഡിലെ ടാറിങ് പൊളിച്ച് വലിയ കുഴികൾ എടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. പ്രധാന റോഡുകളിലേക്ക് എത്താൻ രണ്ടര കിലോമീറ്ററാണ് വേണ്ടത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി മാറിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.