മൂന്നാറിൽ വാഹനങ്ങൾ ആക്രമിക്കുന്ന പടയപ്പ
അടിമാലി: മൂന്നാർ തോട്ടം മേഖലയിൽ വർധിക്കുന്ന വന്യമൃഗ സാന്നിധ്യം സഞ്ചാരികൾക്ക് പ്രിയമാകുമ്പോൾ നാട്ടുകാർക്ക് ഭയമായി മാറുന്നു. വന്യമൃഗങ്ങളെയും മൂന്നാറിന്റെ കുളിരും തേടി വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ, വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ കൂടിവരുന്നത് നാട്ടുകാരിൽ ഭീതി വർധിപ്പിച്ചിരിക്കുകയാണ്. കാട്ടാന, കാട്ടുപോത്ത്, കടുവ, പുലി, കാട്ടുനായ് തുടങ്ങി ആക്രമണകാരികളായവയും അല്ലാത്തതുമായ എല്ലാത്തരം വന്യമൃഗങ്ങളും ജനവാസകേന്ദ്രങ്ങളിൽ നിത്യസന്ദർശകരാണ്. മദപ്പാട് ലക്ഷണം കാട്ടുന്ന പടയപ്പയെന്ന കാട്ടാന 10 ദിവസത്തിനിടെ ഏഴു വാഹനം ആക്രമിച്ചു. ഇതിൽ സ്കൂട്ടർ യാത്രികക്ക് സാരമായി പരിക്കേറ്റു. ചിന്നക്കനാലിൽ ചക്കകൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ ദിവസം രണ്ട് വീട് തകർത്തു. വിദേശവിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ ‘പടയപ്പ’ കുത്തിമറിച്ചതാണ് വിനോദ സഞ്ചാരികൾ നേരിട്ട ആക്രമണങ്ങളിൽ ഒന്ന്. വന്യമൃഗങ്ങളെ നേരിൽ കാണുന്നത് മഹാഭാഗ്യമായി കാണുന്ന വിദേശവിനോദ സഞ്ചാരികൾ ഈ കാരണത്താൽ തന്നെ മൂന്നാറിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കാട്ടാനകൾ ഓരിലെ വെള്ളം തേടിയെത്തുന്ന ആനക്കുളത്ത് ഇപ്പോൾ വിദേശസഞ്ചാരികളുടെ വൻ സാന്നിധ്യം ഈ ഒറ്റകാരണം കൊണ്ടാണ്. എന്നാൽ, ജനവാസ മേഖലയിൽ കറങ്ങുന്ന കാട്ടാനകൾ നാട്ടുകാരുടെ സമാധാനം തകർക്കുന്നു. കൂടുതലും രാത്രിയും പുലർച്ചയുമാണ് നാട്ടുകാർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇവ കാർഷിക മേഖലയിൽ വരുത്തിവെക്കുന്ന നാശം വിവരണാതീതമാണ്.
ആറു മാസത്തിനിടെ 15 കോടിയുടെ നാശമാണ് വന്യമൃഗങ്ങൾ കാർഷിക മേഖലയിൽ വരുത്തിയത്. പഴം-പച്ചക്കറി കൃഷിക്ക് പുറമെ ഏലകൃഷിയാണ് കൂടുതൽ നാശം നേരിട്ടത്. മൂന്നാർ, ദേവികുളം, മറയൂർ, വട്ടവട, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷം. 2024ൽ മാത്രം അഞ്ചുപേരാണ് ഈ പഞ്ചായത്തുകളിൽ മരിച്ചത്. അഞ്ചുപേരും കാട്ടാനയുടെ ആക്രമണത്തിനാണ് ഇരയായത്.
വട്ടവടയിൽ കാട്ടുനായ്ക്കൾ 70ഓളം ആടുകളെ കൊന്നിരുന്നു. മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ 60 കറവപ്പശുക്കളെ പുലിയും കടുവയും കൊന്നു. ഇതോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് തോട്ടം മേഖലയിലെന്ന് തൊഴിലാളികൾ പറയുന്നു. മൂന്നാർ, ദേവികുളം ടൗണുകളിൽ പകൽ പോലും വന്യമൃഗസാന്നിധ്യമുണ്ട്. മൂന്നാർ ടൗണിൽ അടുത്തിടെ മൂന്ന് പ്രാവശ്യം കാട്ടുപോത്ത് ഇറങ്ങി. കാട്ടാനകളും പതിവ്. പഞ്ചായത്തിന്റെ മാലിന്യഡമ്പിങ് യാർഡിൽ നിത്യവും കാട്ടാനകൾ എത്തുന്നു. രണ്ട് മാസം മുമ്പ് കാട്ടാന ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, വന്യമൃഗങ്ങളെ ജനവാസ മേഖലയിൽനിന്ന് തുരത്താൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ല . മദപ്പാട് ലക്ഷണമുള്ള പടയപ്പയെ ജനവാസ മേഖലയിൽനിന്ന് മാറ്റാൻ നടപടി വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
വർഷങ്ങളായി മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ കണ്ടുവരുന്ന കാട്ടാനയാണ് പടയപ്പ. ജനങ്ങളുമായി ഇടപെട്ട് ശാന്തനായി കാണപ്പെട്ട പടയപ്പയെ നാട്ടുകാർക്ക് വലിയ ഇഷ്ടവുമായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോക്ക് പോസ് ചെയ്യുന്നതുമടക്കം പടയപ്പ വലിയ ഫാൻസിന് ഉടമയാണ്. എന്നാൽ, മദപ്പാട് ലക്ഷണം കാട്ടുന്ന പടയപ്പ ആക്രമണകാരിയായി മാറിയത് ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നാടുകടത്തിയ ചിന്നക്കനാലിലെ അരിക്കൊമ്പനും ഫാൻസ് കൂട്ടായ്മ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.