അടിമാലി: വന്യമൃഗശല്യം മൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മാങ്കുളം ആറാം മൈല്‍ പള്ളത്ത് ബിജു ജോര്‍ജ്. തുടര്‍ച്ചയായി വന്യമൃഗങ്ങളിറങ്ങുന്ന കൃഷിയിടം മരുഭൂമിക്ക് സമാനമാണ്. വന്യമൃഗശല്യത്തിന് വനം വകുപ്പ് പരിഹാരം കാണാതായതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നും ഈ കർഷകൻ പറയുന്നു.
മാങ്കുളം, ആനക്കുളം, അടിമാലി, ദേവികുളം ഫോറസ്റ്റ് റേഞ്ചുകള്‍ക്ക് കീഴിലാണ് കാട്ടാന, കാട്ടുപന്നി ശല്യം രൂക്ഷമായത്. മാങ്കുളം, ആനക്കുളം മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാത്ത ദിവസങ്ങളില്ല. രണ്ടു ദിവസമായി വിരിഞ്ഞാപ്പാറയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. 50ാം മൈല്‍ ആനക്കുളം മേഖലകളില്‍ ഒട്ടേറെ കര്‍ഷകരുടെ തെങ്ങ്, വാഴ, കുരുമുളക്, തീറ്റപ്പുല്‍, കാപ്പി, കവുങ്ങ്, ഏലം, പച്ചക്കറി തുടങ്ങിയ നശിപ്പിച്ചു.
കൃഷിയിടങ്ങളില്‍നിന്ന് കാട്ടാനയും കാട്ടുപന്നിയും ഒഴിയാത്ത അവസ്ഥയാെണന്ന് കര്‍ഷകരായ പി.വി. ജോസ്, മാത്തന് വേങ്ങാപ്പാറ, തോമസ് എന്നിവരും ചൂണ്ടിക്കാട്ടി. വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച കിടങ്ങും വൈദ്യുതി വേലിയും ഉരുക്കുവടം പദ്ധതിയും കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ നിര്‍മിച്ച വൈദ്യുതി വേലിയും തകര്‍ത്താണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്.
കാട്ടാനക്കൊപ്പം കാട്ടുപന്നിശല്യവും മാങ്കുളം പഞ്ചായത്ത് പ്രദേശത്തെ കര്‍ഷകരെ കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. കൃഷി നിര്‍ത്തി പല കര്‍ഷകരും മറ്റ് മേഖലകളിലേക്ക് കടക്കുകയാണ്. ഒരുമാസത്തിനിടെ 100 ഹെക്ടറോളം കൃഷിയാണ് മാങ്കുളം പഞ്ചായത്തില്‍ മാത്രം വന്യജീവികള്‍ നശിപ്പിച്ചത്. വനത്തില്‍നിന്ന് കൃഷിയിടത്തില്‍ കയറുന്ന കാട്ടാന ലക്ഷങ്ങളുടെ നഷ്ടമാണ് പല കര്‍ഷകര്‍ക്കും വരുത്തുന്നത്.
കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വേലി തകര്‍ത്ത് കയറിയ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം കപ്പകൃഷിയും വാഴകൃഷിയും നശിപ്പിച്ചു. സുഭിക്ഷകേരളം പദ്ധതിയില്‍ സംഘങ്ങള്‍ ഇറക്കിയ കൃഷികളും വ്യാപകമായി നശിപ്പിച്ചു.
വന്യമൃഗങ്ങള്‍ നശിപ്പിച്ചതിനെ തുടര്‍ന്നു അര്‍ഹമായ നഷ്ടപരിഹാരത്തിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പല കര്‍ഷകരും സമരത്തിലാണ്.
മാങ്കുളം പഞ്ചായത്തില്‍ രൂക്ഷമായ വന്യമൃഗശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമരസമിതി രൂപവത്കരിച്ച് ഫോറസ്റ്റ് ഓഫിസ് ഉപരോധം അടക്കം പല സമരങ്ങളും നടത്തിയെങ്കിലും വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടിയില്ല.
വനത്തിലെ കിടങ്ങും വൈദ്യുതി വേലിയും തകര്‍ന്നതും കാവല്‍ ഇല്ലാത്തതും സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച ആനക്കുളത്തെ ഉരുക്കുവടം പദ്ധതി തകര്‍ന്നതും കാട്ടാനശല്യം വര്‍ധിക്കാന്‍ കാരണമായി.
വനാതിര്‍ത്തിയില്‍ തകര്‍ന്നുകിടക്കുന്ന വൈദ്യുതി വേലിയും കിടങ്ങും നന്നാക്കാത്തതിനാല്‍ ചക്കയുടെ കാലമായതോടെ കാട്ടാനകള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് കയറുകയാണ്.
കൂമ്പന്‍പാറ, മാപ്പാനിക്കുന്ന്, അടിമാലി, മച്ചിപ്ലാവ്, പതിനാലാംമൈല്‍, വാളറ മേഖലകളിലാണ് കുരങ്ങുകള്‍ വലിയ നാശം വിതക്കുന്നത്. എല്ലാത്തരം കൃഷികളും കുരങ്ങുകള്‍ നശിപ്പിക്കുന്നു.
വീടുകള്‍ക്ക് നേരെയും കുട്ടികള്‍ക്ക് നേരെയും ഇവയുടെ ശല്യം വർധിച്ചതോടെ ജനം ഭീതിയിലാണ്. മ്ലാവ്, കേഴ പോലുള്ള വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.