ചെറുതോണി: മുരിക്കാശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂങ്ങാപ്പാറ തടിയംപ്ലാക്കൽ ബാലമുരളിക്കാണ് (32) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ മാംസ വ്യാപാരം നടത്തുന്ന പതിനാറാംകണ്ടം പീച്ചാനിയിൽ അഷ്റഫിനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം.
ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി സമീപത്ത് മാംസ വ്യാപാരം നടത്തുന്ന അഷ്റഫ് എത്തി. ഈസമയം ഫാമിലി റൂമിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് അഷ്റഫിന് ഇഷ്ടപ്പെട്ടില്ല. ഇയാൾ വിദ്യാർഥിനികളോട് ദേഷ്യപ്പെട്ടു. ഈസമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഹോട്ടൽ ഉടമ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
എന്നാൽ, ഭക്ഷണം കഴിച്ചിറങ്ങിയ അഷ്റഫ് കടയിൽ പോയി കത്തിയുമായിട്ടെത്തി ബാലമുരളിയെയും സുഹൃത്തുക്കളെയും ഹോട്ടലിൽ നിന്നിറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ബാലമുരളിയെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സ്ഥലംവിട്ട പ്രതിയെ അടിമാലിക്ക് സമീപം മാങ്കുളത്തുനിന്നുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.