നെടുങ്കണ്ടം: കോവിഡിന് ശേഷം ആരംഭിച്ച ആരോഗ്യ കായിക പരിപോഷണ പരിപാടിയിലൂടെ (അഗ്രേപശ്യാമി) കല്ലാര്‍ ജി.എച്ച്.എസ്.എസ് വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാനതലത്തിൽ മികവിന്റെ പുരസ്കാരമാണ് വീണ്ടും കല്ലാര്‍ സ്കൂളിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ജില്ല അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. 13 ഇന കായിക കാമ്പസ് ക്ലബുകളിലൂടെ വിദ്യാലയത്തിലെ അച്ചടക്കം, ഹാജര്‍, കായിക ക്ഷമത വർധിപ്പിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടഞ്ഞ് പൊതുസമൂഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനു നടത്തിയ ശ്രമങ്ങളെയുമാണ് ജൂറി കല്ലാര്‍ സ്കൂളിന്റെ മികവായി പരിഗണിച്ചത്. നൂറുശതമാനം അറ്റൻഡന്‍സ് എത്തിക്കുക, കൊഴിഞ്ഞുപോക്ക് ഇല്ലാതെയാക്കുക എന്നിവയായിരുന്നു അഗ്രേപശ്യാമിയുടെ പ്രധാന ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആശയം ഉൾക്കൊണ്ട് 2022-23ല്‍ സ്കൂളില്‍ 13 കായിക ക്ലബുകള്‍ ആരംഭിക്കാൻ കായികാധ്യാപകന് ഡോ. സജീവ് സി. നായര്‍ സ്കൂള്‍ അധികൃതരെ സമീപിച്ചു. അന്നത്തെ ഹെഡ്മാസ്റ്റര് കൃഷ്ണന്, പി.ഇ.ടി റെയ്സണ്‍ പി. ജോസഫ്, പി.ടി.എ, സി.എം.സി അംഗങ്ങള്‍ അഗീകാരം നല്‍കുകയും തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്, എം.എം. മണി എം.എല്‍.എ എന്നിവര്‍ 13 കായിക ക്ലബുകള്‍ ഉദ്ഘാടനവും ചെയ്തു.
അത്ലറ്റിക്സ്, ജൂഡോ, ചെസ്, കരാട്ടേ, ബാഡ്മിന്റണ്‍, സ്കേറ്റിങ്, യോഗ, വോളിബാള്‍, ഹാന്‍ഡ്ബാള്‍, ത്രോബാള്‍ എന്നിവയായിരുന്നു ആദ്യഘട്ടത്തില്‍ തുടങ്ങിയ കായിക ക്ലബുകള്‍. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും ഏതെങ്കിലുമൊരു കായിക വിനോദത്തില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ചെസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. രണ്ടുവര്‍ഷമായി സ്കൂള്‍ അതില്‍ വിജയം കണ്ടെത്തുകയും ജില്ലതലത്തില്‍ അവാര്‍ഡ് നേടുകയുണ്ടായി. കൂടാതെ എസ്.സി.ഇ.ആര്.ടിയുടെ കേരളത്തിലെ മികച്ച 12 മികവില്‍ ഇടംനേടി. നിരവധി കുട്ടികള്‍ ചെസ്, വോളിബാള്‍, കരാട്ടേ, അത്ലറ്റിക്സ്, ഫുട്ബാള്‍, സ്കേറ്റിങ്, ബാഡ്മിന്റണ്‍ വിഭാഗങ്ങളിലായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയുണ്ടായി.
കായിക മേഖലയിലൂടെ കുട്ടികളില്‍ ഉണ്ടായ മികവുകളെ കോര്‍ത്തിണക്കി ഒരു കുടക്കീഴിലാക്കാന്‍ സ്കൂളിന് രണ്ട് വര്‍ഷംകൊണ്ട് സാധിച്ചു. എല്ലാവരുടെയും പരിശ്രമഫലം രണ്ടാം വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ ‘മികവി’ല്‍ ഇടം നേടി. എസ്.സി.ഇ.ആര്.ടി യിലൂടെ കേരളത്തിലെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ ഇടംനേടുകയും ആ കായിക പ്രവര്‍ത്തന മികവ് ഡോക്യുമെന്ററിയായി ചിത്രീകരിക്കുകയും ചെയ്തു.
മുഹമ്മദ് സമാന് കബീര്‍ എന്ന കുട്ടി കേന്ദ്രകഥാപാത്രമായ കഥ എസ്.സി.ഇ.ആര്.ടിക്ക് വേണ്ടി പ്രൊഡ്യൂസര്‍ ജയിംസ് ജോസഫാണ് ചിത്രീകരണത്തിന് നേതൃത്വം നല്‍കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് അടുത്ത വര്‍ഷം അഗ്രേപശ്യാമി യുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ എച്ച് എം. മാത്യു, കായികാധ്യാപകന് ഡോ. സജീവ് സി. നായര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.