മൂലമറ്റം: ജില്ലയുടെ ടൂറിസം മേഖലക്കും കെ.എസ്.ആർ.ടി.സിക്കും പുത്തനുണർവായി ബജറ്റ് ടൂറിസം.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽനിന്ന് കുറഞ്ഞ ചെലവിൽ ഒരുക്കിയ ആനവണ്ടി യാത്രയാണ് പ്രതിസന്ധിയിൽ തുണയായത്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയിൽനിന്ന് ഇടുക്കിയിലേക്ക് നിരവധി ട്രിപ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കോട്ടയം, കോതമംഗലം ഡിപ്പോകളിൽനിന്ന് ഇടുക്കിയിലേക്ക് ട്രിപ്പുകൾ എത്തുന്നുണ്ട്.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ട്രിപ്പുകൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സവാരി രാത്രി 12 മണിയോടെയാണ് അവസാനിക്കുന്നത്. ശരാശരി 950 രൂപയാണ് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ചെലവാകുന്ന തുക. വിനോദസഞ്ചാര മേഖലകളിലെ പാസ് ഉൾപ്പടെ ഇതിൽ പെടും. ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് മാത്രമായി മഴക്കോട്ടും കെ.എസ്.ആർ.ടി.സി നൽകുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചാലക്കുടി-വാഗമൺ ട്രിപ്പിൽ എത്തിയവർ മലങ്കര ഡാമിൽ ഉൾപ്പെടെ സന്ദർശനം നടത്തിയാണ് മടങ്ങിയത്. വരുന്ന ഞായറാഴ്ചകളിലും ഇടുക്കിയിലേക്ക് ചാലക്കുടിയിൽനിന്ന് ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്.
തൊമ്മൻകുത്ത്, ആനചാടികുത്ത്, ഉപ്പുകുന്ന്, കുളമാവ് വഴി ഇടുക്കിക്ക് ഒരു ട്രിപ്പും വട്ടവട, മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള വഴി ടോപ് സ്റ്റേഷനിലേക്ക് മാറ്റാരു ട്രിപ്പും സജ്ജീകരിച്ചിട്ടുള്ളതായി ടൂറിസം കോഓഡിനേറ്റർ ഡൊമിനിക് പെരേര പറഞ്ഞു.
ഒന്നര ആഴ്ച ഇടവിട്ട് മലങ്കര ടൂറിസം ഹബ് വഴി വാഗമൺ ട്രിപ്പും ഉണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസാണ് ടൂറിസം ട്രിപ്പിനായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.