ചെറുതോണി: പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയ സേവനം അനുഷ്ഠിക്കുന്ന ആശാ വർക്കർമാർ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ. ഓണറേറിയം എന്ന പേരിൽ പ്രതിമാസം നൽകുന്ന 7,000 രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് ലഭിക്കാത്തത്.
പകർച്ചവ്യാധി പ്രതിരോധത്തിനും മറ്റ് അടിയന്തര സാഹചര്യങ്ങളിലും അടക്കം ഓടിയെത്തുന്ന ആശാ വർക്കർമാർക്ക് തുച്ഛമായ വേതനം പോലും കുടിശ്ശികയായത് ജീവിതം ദുരിതത്തിലാക്കി. ഇതോടൊപ്പം പല അലവൻസുകളും വെട്ടിക്കുറച്ചതോടെ പലരും ജോലി തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്.
ദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവർ സെക്രേട്ടറിയറ്റിനുമുന്നിൽ സമരം നടത്തിവരുകയാണ്. മുമ്പ് അനിശ്ചിതകാലസമരം നടത്തിയപ്പോഴാണ് ഓണറേറിയം 7,000 രൂപ കൊടുക്കാൻ തുടങ്ങിയത്.
വീടുവീടാന്തരം കയറിയിറങ്ങി രോഗങ്ങൾ റിപ്പോർട്ട് ചെയ്യൽ അടക്കം കാര്യങ്ങൾ ചെയ്യേണ്ടത് ആശാ വർക്കർമാരാണ്. ഏതുസമയവും രോഗം പിടിപെടാവുന്ന ഗുരുതര ചുറ്റുപാടിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനമൊന്നുമില്ല.
ഓരോ വീടും കയറി രോഗങ്ങൾ റിപ്പോർട്ട് ചെയ്യൽ, ക്ലോറിനേഷൻ പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, രോഗികളെ ആശുപത്രിയിലാക്കൽ ബോധവത്കരണം, മരുന്നുവിതരണം തുടങ്ങി എല്ലാവിധ കാര്യങ്ങളും ആശാ വർക്കർമാർ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങൾ താഴെക്കിടയിൽ നടത്താൻ സഹായിക്കുന്നത് ഇവരാണ്.
2005 ലാണ് കേന്ദ്ര സർക്കാർ ആശ പദ്ധതി ആവിഷ്കരിച്ചത്. 2007 ൽ ഇത് കേരളത്തിൽ നടപ്പാക്കിത്തുടങ്ങി. കുറഞ്ഞ വേതനത്തിലാണ് ഇവർ അന്നുതൊട്ട് ജോലി ചെയ്തു വന്നിരുന്നത്. തുടക്കത്തിൽ കുറെ ആനുകൂല്യങ്ങൾ കൊടുത്തിരുന്നു. ക്രമേണ ഇതെല്ലാം ഒന്നൊന്നായി എടുത്തുകളഞ്ഞു. നേരത്തെ പോഷകാഹാര പദ്ധതി നടത്തിപ്പിന് മാസം 150 രൂപ വെച്ച് നൽകിയിരുന്നു. ഇപ്പോൾ അതും ഇല്ലാതായി.
സ്ത്രീകൾക്ക് ഗർഭം സ്ഥിരീകരിക്കുന്നതു മുതൽ പ്രസവം വരെ കൃത്യമായ ശുശ്രൂഷ കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഇവരാണ്. പ്രസവിച്ചു കഴിഞ്ഞാൽ 600 രൂപ ആശ വർക്കർക്ക് നൽകുമായിരുന്നു. ഇപ്പോൾ 300 രൂപയായി വെട്ടിക്കുറച്ചു. കൃത്യസമയത്ത് ഒന്നിച്ച് ഈ തുകയും നൽകാറില്ല.
മാസത്തിൽ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ 100 രൂപ നൽകും. ഏതെങ്കിലും സാഹചര്യത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തുക ലഭിക്കില്ല.
ക്ഷയരോഗികളെ കണ്ടെത്തി അവരുടെ വീടുകളിൽ ചെന്ന് ചികിത്സിക്കാൻ സഹായിക്കണം. മരുന്നുകൾ കൊടുക്കണം. ഇവർക്ക് 1,000 രൂപ വീതം നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും കൊടുത്തില്ല. എല്ലാ ആനുകൂല്യങ്ങളും കൂട്ടിയാലും പ്രതിമാസം 10,000 രൂപ പോലും ലഭിക്കില്ല.
തുടക്കത്തിൽ മുപ്പതിനായിരത്തിലേറെ ആശാ വർക്കർമാർ ഉണ്ടായിരുന്നു. എന്നാൽ, മേലുദ്യോഗസ്ഥരുടെ ചൂഷണത്തിനിരയായി പലരും സേവനം മതിയാക്കി. ജില്ലയിൽ 52 പഞ്ചായത്തുകളിലായി ഇപ്പോൾ 925 പേരായിക്കുറഞ്ഞു.
ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്രസർക്കാരും നൽകണം. കേരളവും കേന്ദ്രവും ഒരുപോലെ കൈയൊഴിഞ്ഞ സ്ഥിതിയാണ് ആശാ വർക്കർമാരുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.