ചെറുതോണി: ടാപ്പിങ്ങിന് തൊഴിലാളികളെ കിട്ടാനില്ലാതെ വന്നതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. പലതോട്ടങ്ങളും ടാപ്പിങ് നടത്താതെ വെറുതെ ഇട്ടിരിക്കുകയാണ്. ഇതിന് പുറമെ പല കർഷകരും റബർമരം വെട്ടിനീക്കി മറ്റ് കൃഷിയിലേക്ക് മാറുകയോ സ്ഥലം വിറ്റു മടങ്ങുകയോ ചെയ്യുകയാണ്. ചെറുകിട ഇടത്തരം കർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഇവരിൽ പലരും സ്വന്തമായി ടാപ്പിങ് ചെയ്യാൻ സന്നദ്ധരാണങ്കിലും പരിചയക്കുറവ് കറയുൽപാദനത്തെ പ്രതികൂലമായി ബാധിക്കും. ടാപ്പിങ് തൊഴിലാളികൾക്ക് മരം ഒന്നിന് രണ്ട് രൂപയാണ് കൂലി. പാലെടുത്തു ഉറയൊഴിച്ചു കൊടുത്താൽ മൂന്നര രൂപ കിട്ടും. രാവിലത്തെ ഉറക്കം കളഞ്ഞ് പണിക്കിറങ്ങുമ്പോഴും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പുതിയ തലമുറ ഈ രംഗത്തേക്കു വരാൻ താൽപര്യപ്പെടുന്നില്ല. ബംഗാളികൾക്ക് ടാപ്പിങ് അത്ര വശമില്ല. പഴയ തൊഴിലാളികൾ മാത്രമാണ് രംഗത്തുള്ളത്.
ഇവരും കൂലി കുറവായതിനാൽ വരാൻ മടിക്കുകയാണ്. മറ്റുകാർഷിക ജോലികൾക്ക് 800 രൂപവരെ കൂലി കിട്ടും. രാവിലെ എട്ടിന് ജോലിക്കിറങ്ങിയാൽ മതി. ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ അന്തർസംസ്ഥാന തൊഴിലാളികളെ ടാപ്പിങ് പഠിപ്പിച്ച് രംഗത്തിറക്കാൻ റബർ ബോർഡ് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. ടാപ്പിങ് പഠിച്ച ആരും തന്നെ ഈ തൊഴിൽ ചെയ്യാൻ തയാറല്ല.
അവർ പ്രതീക്ഷിക്കുന്ന വരുമാനമില്ലാത്തതാണു കാരണം. കഴിഞ്ഞ വർഷം കിലോക്ക് 250 രൂപ വരെ വിലവന്ന റബർ ഷീറ്റിന് ഈ വർഷം 180 രൂപയായി വിലകുറഞ്ഞു. ഒരു റബർ ടാപ്പിങ് കത്തിക്ക് ഇരട്ടി വിലയായി. വലിയ കത്തിക്ക് 300 രൂപയും ചെറിയതിന് 180 രൂപയും കൊടുക്കണം. റബർ ചിരട്ടക്കും പ്ലാസ്റ്റിക്കിനും വില കൂടി. റബർ വിലകുറഞ്ഞതോടെ തോട്ടങ്ങളിൽ കടുംവെട്ട് നടത്തി ആവർത്തന കൃഷി ചെയ്യാനും കൃഷിക്കാർക്കു താൽപര്യം കുറഞ്ഞു. സ്ലോട്ടർ ടാപ്പിങ്ങിന് കൊടുത്താൽ ആദായ വില കിട്ടുന്നില്ല.
പാഴ്തടിയായിരുന്ന റബർ തടി സംസ്കരിച്ച് ഫർണിച്ചറിനും പ്ലൈവുഡ് നിർമാണത്തിനും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ആവശ്യം ഗണ്യമായി വർധിച്ചത്. പെരുമ്പാവൂർ മേഖലയിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കു പ്രതിദിനം ശരാശരി 8000 ടൺ റബർ തടി ആവശ്യമുണ്ട്. ദക്ഷിണേന്ത്യയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് പ്ലൈവുഡും ട്രീറ്റ് ചെയ്ത തടിയും കയറ്റിയയക്കുന്നുണ്ട്.
റബർ വുഡ് മുക്കാൽ ഇഞ്ച് കനമുള്ള ഷീറ്റിനു 7000 രൂപക്കു മുകളിലാണു വില. നല്ല തടിക്കു പ്രാദേശിക വിപണിയിൽ ഇതിനെക്കാൾ വില കിട്ടും. കാഴ്ചക്കു നല്ല ഭംഗിയും അനായാസം പണി ചെയ്യാമെന്നതും വീടുകളിലേക്കും ഷോറൂമുകളിലേക്കും ഇതിനു നല്ല ഡിമാൻഡാണ്. എന്നാൽ, ഇതിന്റെ കൂടെ നികുതി വർധിപ്പിച്ചത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.