ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളജിനോട് ചേര്‍ന്ന് ബി.എസ്സി നഴ്സിങ് കോഴ്സ് ഈ അധ്യയനവര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിന് മുന്നോടിയായി ജോയന്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ഡോ. സലീന ഷായുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തി പ്രാഥമിക പരിശോധന നടത്തി. 60 വിദ്യാർഥികള്‍ക്ക് പ്രവേശനം നല്കത്തക്ക ബാച്ചിനാണ് സര്‍ക്കാർ അംഗീകാരം നല്‍കിയത്.
മെഡിക്കൽ കോളജ് ഓഫിസിനോട് ചേര്‍ന്ന് നിലവിലുള്ള കെട്ടിടത്തിൽ ക്ലാസ് റൂമുകള്‍ സജ്ജീകരിക്കാനും ഫാർമക്കോളജി വകുപ്പിനോട് ചേര്‍ന്നുള്ള കെട്ടിട സൗകര്യങ്ങൾ, ഓഫിസ്, ലാബ്, ലൈബ്രറി എന്നിവ ക്രമീകരിക്കാനും ഉപയോഗിക്കും.
ഇതോടൊപ്പം പരീക്ഷ ഹാൾ, ഓഡിറ്റോറിയം, ഗ്രൗണ്ട് തുടങ്ങിയവക്ക് മെഡിക്കൽ കോളജിലെ നിലവിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.
വിദ്യാർഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാൻ പ്രവർത്തനരഹിതമായ സ്വകാര്യ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. നഴ്സിങ് കോളജ് ആരംഭിക്കാൻ ആവശ്യമായ മാറ്റങ്ങൾ കെട്ടിടത്തിൽ വരുത്താൻ ജില്ല നിർമിതി കേന്ദ്രത്തിന് നിർദേശങ്ങള്‍ നല്‍കുകയും നിർമാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കാൻ നിർദേശം നല്‍കുകയും ചെയ്തു.
കോളജിലേക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ, ഫര്‍ണിച്ചർ തുടങ്ങിയവ അടിയന്തരമായി വാങ്ങാനും യോഗം തീരുമാനിച്ചു.
ആരോഗ്യ മന്ത്രിയുടെ മെഡിക്കല്‍ കോളജ് പ്രതിനിധി സി.വി. വർഗീസ്, മന്ത്രി റോഷി അഗസ്റ്റിന്റെ മെഡിക്കൽ കോളജ് പ്രതിനിധി ഷിജോ തടത്തിൽ, മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.കെ. ബാലകൃഷ്ണൻ, മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റ് ബിനോയ് സെബാസ്റ്റ്യൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് എൽ.ആർ. ചിത്ര, സീനിയർ സൂപ്രണ്ട് പി.എസ്. സൂരജ്, ഡോ. കെ.ഇ. അമീർ അലി, എം.എം. അൻസൽ, എസ്.ആർ. അനില്‍കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.