ചെറുതോണി: ഇടുക്കിയിലെ ഓണപ്പൂക്കളങ്ങൾ അലങ്കരിക്കുന്നത് ഇക്കുറി ഉപ്പുതോട്ടിലെ ചെണ്ടുമല്ലികളായിരിക്കും. ഉപ്പുതോട് സ്വദേശികളും അയൽക്കാരുമായ മനോജ് കുളപ്പുറവും സാബു ചാറാടിയുമാണ് പാട്ടത്തിനെടുത്ത ഒന്നരയേക്കറിൽ നൂറുമേനി പൂക്കൾ വിരിയിച്ചത്. ചെണ്ടുമല്ലി മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഓണം ലക്ഷ്യമാക്കി ഒന്നരമാസം മുമ്പ് ആരംഭിച്ച കൃഷിയുടെ ആദ്യ വിളവെടുപ്പായിരുന്നു വെള്ളിയാഴ്ച.
മനോജും ഭാര്യ സീനയും സാബുവും ഭാര്യ ആൻസിയും മുഴുവൻ സമയം കൃഷിയിടത്തിലായിരുന്നു. ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിയാണ് ഇവർ തെരഞ്ഞെടുത്തത്. ആവശ്യക്കാർ കൂടുതലും ഈ നിറത്തിലെ പൂക്കൾക്കാണ്. തമിഴ്നാട്ടിലെ ചിന്നമന്നൂരിൽനിന്ന് കൊണ്ടുവന്ന വിത്തു വിതച്ചാണ് പൂപ്പാടം ഉണ്ടാക്കിയത്. വർഷത്തിൽ 365 ദിവസവും പൂവ് കിട്ടുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. ഓണത്തിന് മാത്രമല്ല ക്ഷേത്രങ്ങളിലും എട്ടുനോമ്പ് തിരുനാൾ ആരംഭിച്ചതോടെ പള്ളികളിലും പൂവിന് ആവശ്യക്കാരുണ്ട്. കരിമ്പനിൽനിന്നും ഉപ്പുതോട്ടിലേക്ക് വരുന്ന വഴിയിൽ ചാലിസിറ്റിക്കടുത്താണ് പൂന്തോട്ടം. ഇത്തവണ മെച്ചപ്പെട്ട വില കിട്ടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.