ചെറുതോണി: ഓണാഘോഷത്തിന് മുമ്പ് ടൂറിസ്റ്റ് കേന്ദ്രമായ പാൽക്കുളംമേട് ഒരുങ്ങുന്നു. മനംമയക്കുന്ന കാഴ്ചകളാണ് ജില്ല ആസ്ഥാനത്തെ പാൽക്കുളംമേട് സമ്മാനിക്കുന്നത്. ജില്ലയുടെ ടൂറിസം മാപ്പിൽ ഇടം നേടിയിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് കൂടുതൽ അറിവൊന്നുമില്ല.
ഇടുക്കി-ചെറുതോണിയിൽനിന്ന് 12 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും വിസ്തൃതിയിലുമുള്ള പച്ചപ്പ് നിറഞ്ഞ് ആകർഷണീയമാണ് ഈ വ്യൂപോയന്റ്. വാഴത്തോപ്പ്-ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ്. ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഇവിടം നൂറുകണക്കിന് അപൂർവ ഔഷധസസ്യങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്. എത്ര കടുത്ത വേനലിലും ജലസാന്നിധ്യമുള്ളത് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.
സമുദ്രനിരപ്പിൽനിന്ന് 3125 അടി ഉയർച്ചയുണ്ട് പാൽക്കുളംമേടിന്. വേനൽക്കാലത്ത് പോലും കോടമഞ്ഞിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ നിന്ന് നോക്കിയാൽ കൊച്ചി തുറമുഖം, ചെറുതോണി അണക്കെട്ട്, മൂന്നാർ, പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയും കാണാം. റവന്യൂ ഉടമസ്ഥതയിലുള്ള പ്രദേശത്ത് പലസ്ഥലത്തായി ചെറിയ വനമേഖലകളുമുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഏറുമാടങ്ങൾ പ്രത്യേക കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മധ്യഭാഗത്തുള്ള നീണ്ടഗുഹ സഞ്ചാരികൾക്ക് കൗതുകമുണർത്തുന്നു. കേരളത്തിലെ വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ചെറുപുളിപ്പും മധുരവുമുള്ള ഭക്ഷ്യയോഗ്യമായ കാട്ടുമുന്തിരി ധാരാളമുണ്ട്.
നാല്പത്തി അഞ്ചോളം ആനകളും മറ്റ് വന്യജീവികളും ഇവിടെയുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. പാൽക്കുളംമേട്ടിലേക്കുള്ള വഴി പൂർണ ഗതാഗതയോഗ്യമല്ലാത്തതിനാൽ കുടുംബവുമായി എത്തിച്ചേരാൻ പാടാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾ എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഓഫ് റോഡ് ഡ്രൈവിങ്ങിലും ട്രക്കിങ്ങിലും താൽപര്യമുള്ള യുവാക്കളാണ് കൂടുതലായി എത്തുന്നത്. അസ്തമയവും കൊച്ചിയിൽ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നതും ചേതോഹരമായ കാഴ്ചയാണ്. ജനുവരിയോടെ നിരവധി സഞ്ചാരികൾ മല കയറാനെത്തുന്നുണ്ട്. നിരവധി ഹെയർപിൻ വളവുകൾ താണ്ടി വേണം എത്താൻ. എറണാകുളത്ത് നിന്നെത്തുന്നവർക്ക് കോതമംഗലം ചുരുളിവഴിയും കട്ടപ്പന, തൊടുപുഴ ഭാഗത്തുനിന്ന് എത്തുന്നവർക്ക് ചെറുതോണി-മണിയാറൻകുടി വഴിയും ഇവിടേക്കെത്താം.
ചെറുതോണി ഡാമിനു സമീപമുള്ള ഹിൽവ്യൂ പാർക്കിൽനിന്ന് നോക്കിയാൽ തലയെടുപ്പോടെ നിൽക്കുന്ന പാൽക്കുളം മേടിന്റെ കാഴ്ച ഏറെ സുന്ദരമാണ്. മുമ്പ് വനം വകുപ്പ് പ്രവേശനം നിരോധിച്ച് വേലികെട്ടിയിരുന്നെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ വേലിപൊളിച്ചു. മിനി വാഗമൺ എന്ന് അറിയപ്പെടുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരുന്നതിന് കൂടുതൽ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.