ചെറുതോണി: റോഡുപണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും റോഡ് സൈഡിൽ സംരക്ഷണഭിത്തിയോ വേലിയോ കെട്ടാത്തതിനാൽ കുടുംബം ഭീതിയുടെ നിഴലിൽ. കൊക്കരക്കുളം കാരക്കുന്ന് റോബിന്റെ കുടുംബമാണ് കാലവർഷമായതോടെ ഭീതിയോടെ ദിവസങ്ങൾ തള്ളിനീക്കുന്നത്.
റോഡ് സൈഡ് ഏതുനിമിഷവും ഇടിഞ്ഞ് വീടിന്റെ മുകളിൽ വീഴാം. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പ്രളയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പൈനാവ്-അശോകക്കവല ബൈപാസാണ് സംരക്ഷണഭിത്തി നിര്‍മിക്കാത്തതിനാല്‍ വീടിനും വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ അപകട ഭീഷണി ഉയര്‍ത്തുന്നത്.
വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം ഭാഗത്താണ് അപകടാവസ്ഥയിലുള്ള റോഡ് നിലകൊള്ളുന്നത്. 2018ലെ പ്രളയത്തില്‍ ജില്ല ആസ്ഥാനം വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് ഉതകുന്ന തരത്തിലാണ് പൈനാവില്‍നിന്ന് തടിയമ്പാട് അശോകക്കവലയിലേക്ക് സമാന്തര പാത നിര്‍മിച്ചത്.
പൂര്‍ണമായും വാഴത്തോപ്പ് പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന റോഡാണിത്. എന്നാല്‍, റോഡ് നിര്‍മാണഘട്ടത്തില്‍ പലയിടത്തും ഇരുവശവും ഇടിയുന്നത് പതിവായിരുന്നു. റോഡിന്റെ കൊക്കരക്കുളം ഭാഗത്ത് കാരക്കുന്ന് റോബിന്റെ വീടിനോട് ചേര്‍ന്ന് റോഡ് സൈഡ് പലപ്രാവശ്യം ഇടിഞ്ഞു.
നിര്‍മാണഘട്ടത്തില്‍ തന്നെ ഇക്കാര്യം കരാറുകാരെയും പൊതുമരാമത്ത് അധികാരികളെയും ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നും തിട്ടയിടിഞ്ഞ് വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകമാത്രം ചെയ്തു.
റോഡ് വക്കിലെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ ഏത് നിമിഷവും വീടിനു മുകളിലേക്ക് പതിക്കുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ വാഹനങ്ങളും അപകടത്തില്‍പെട്ട് വീട്ടിലേക്ക് പതിക്കും. അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മിച്ച് സുരക്ഷ ഒരുക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.