തൊടുപുഴ: തൊമ്മൻകുത്തിനടുത്ത് നാരങ്ങാനത്ത് വനം വകുപ്പ് അധികൃതർ കുരിശ് പൊളിച്ചതിനെതിരെ വിവാദം കൊഴുക്കുന്നു. ഭരണകക്ഷികളും പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ വനംവകുപ്പ് ഒറ്റപ്പെട്ട മട്ടിലായി. ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും വനംവകുപ്പിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, സർക്കാറിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് വനംവകുപ്പിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. കുരിശ് സ്ഥാപിച്ചത് വനഭൂമിയിലാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും 40 വർഷം പഴക്കമുള്ള തെങ്ങ് പിഴുതുമാറ്റിയാണ് കുരിശ് സ്ഥാപിച്ചതെന്നും 1991ൽ പട്ടയം ആവശ്യപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.എം. മാണിക്ക് പ്രദേശവാസികൾ കൂട്ടഹരജി നൽകിയതാണെന്നും ഇത്രയും വർഷം പഴക്കമുള്ള കൃഷിഭൂമി എങ്ങനെയാണ് വനഭൂമിയാവുക എന്നുമാണ് സി.വി. വർഗീസിന്റെ ചോദ്യം.
കാൽ നൂറ്റാണ്ടായി പട്ടയനടപടികളിലേക്ക് നീങ്ങിയ ഭൂമിയാണിത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി പട്ടയം നൽകാൻ ഇടതു സർക്കാർ തീരുമാനിച്ച പട്ടികയിൽ പെടുന്ന സ്ഥലമാണിത്. ഭൂമിയെ സംബന്ധിച്ച് ആധികാരികമായി റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടത് കലക്ടറാണ്. റേഞ്ച് ഓഫിസര്‍ ചോദിച്ചപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ആവശ്യം വില്ലേജ് ഓഫിസര്‍ക്കില്ല.
ചില റവന്യൂ, വനം ഉദ്യേഗസ്ഥരും കപട പരിസ്ഥിതിവാദികളുമാണ് ഇതിന് പിന്നിലെന്നും സര്‍ക്കാറിന്റെ സല്പേര് കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും പ്രദേശത്തുനിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി നെടുങ്കണ്ടത്ത് എത്തുമ്പോള്‍ പ്രദേശവാസികള്‍ക്ക് നേരിട്ട് കാണാൻ സംവിധാനമൊരുക്കുമെന്നും ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങൾ നിലവില്‍ വരുന്നതോടെ ഈ പ്രദേശത്തെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ അവസാനിക്കുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
സംഭവത്തിൽ വനംവകുപ്പിനെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമനും കുറ്റപ്പെടുത്തി. വനംവകുപ്പ് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കർഷകരുടെ കൈവശഭൂമി, വനംഭൂമിയാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് കുരിശ് പൊളിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. നാരങ്ങാനത്ത് പരിശോധന നടത്തണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ എം.പി ആവശ്യപ്പെട്ടു. 2020ലെ റവന്യൂ ഉത്തരവ് അനുസരിച്ച് ജണ്ടക്ക് പുറത്ത് കൈവശ അവകാശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കാവുന്നതാണ്.
1983ൽ വനം, റവന്യൂ വകുപ്പുകളുടെ പരിശോധന നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച് ധാരണയായ മേഖലകളിൽ നാരങ്ങാനവും ഉൾപ്പെടുന്നു. ഈ ആധികാരികമായ സർക്കാർ രേഖകൾ നിലനിൽക്കെയാണ് വനംവകുപ്പ് അതിക്രമം കാണിച്ചിരിക്കുന്നത്. തങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്ത ഭൂമിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയും മുന്നറിയിപ്പു പോലുമില്ലാതെയും അതിക്രമം കാണിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.