ജാന്‍സിക്ക്​ ബിരുദം തടസ്സമല്ല; ഹരിതകര്‍മ സേനയിൽ അംഗമാകാന്‍

തൊടുപുഴ: ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിൽ ജാന്‍സി ജോസഫിന് ബിരുദം ഒരിക്കലും തടസ്സമായിരുന്നില്ല. ആദ്യമാദ്യം സേനയുടെ യൂനിഫോമില്‍ പോകുമ്പോള്‍ ആക്രിക്കാരികളെന്നും വേസ്​റ്റ്​ പെറുക്കികളെന്നുമൊക്കെ ചിലർ ആക്ഷേപിച്ചിട്ടുണ്ടെങ്കിലും പിന്നീട് അവർ വന്ന് ക്ഷമാപണം നടത്തിയ അനുഭവവമാണ്​ ജാൻസിക്ക്​ പറയാനുള്ളത്​. ആലക്കോട് ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ സേനയുടെ സെക്രട്ടറിയാണ് ജാന്‍സി. സേനയുടെ വാഹനത്തി​െൻറ ഡ്രൈവറും ജാന്‍സി തന്നെ.

വാര്‍ഡിലെ വീടുകളില്‍നിന്ന്​ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന സേനയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് വാര്‍ഡ് മെംബര്‍ ജയ്‌മോന്‍ എബ്രഹാമാണ് ജാന്‍സിയെ അറിയിച്ചത്. മാലിന്യമെന്ന മഹാവിപത്തിനെതിരായ പ്രവര്‍ത്തനമാണെന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടെ മറ്റ് 25 പേര്‍ക്കൊപ്പം ഒത്തുചേർന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സേനയിലെത്തിയത്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമാണ് സ്വന്തം വാര്‍ഡിലെ കര്‍മസേനയിൽ ജാന്‍സി സേവനം നല്‍കുന്നത്. ബാക്കി ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളില്‍നിന്നുള്ള പ്ലാസ്​റ്റിക്കുകളും മറ്റും എടുത്തുകൊണ്ടുവരുന്ന ജോലിചെയ്യും. എല്ലാ ശനിയാഴ്ചയും വാഹനത്തില്‍ പച്ചക്കറി വില്‍പനയുണ്ട്. പല വീടുകളില്‍നിന്ന്​ പച്ചക്കറികള്‍ വിലക്കെടുത്ത് വില്‍പന നടത്തും.

അങ്ങനെ കിട്ടാത്ത ദിവസങ്ങളില്‍ തൊടുപുഴ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറിയെടുത്ത് വില്‍ക്കും. ജാന്‍സിയോടൊപ്പം മൂന്ന് സംഘാംഗങ്ങള്‍ കൂടിയുണ്ട് ഗ്രൂപ്പില്‍. ചെറുതല്ലാത്ത വരുമാനം ഇതില്‍ നിന്നും ലഭിക്കും. ഹരിതകര്‍മ സേനയുടെ വാഹനമോടിക്കുന്നതിന് ഓട്ടക്കൂലിയുടെ 25ശതമാനവും ഡ്രൈവര്‍ക്ക് കിട്ടും. വാഹനത്തിന് ഓട്ടമില്ലാത്ത ദിവസങ്ങളില്‍ ഭര്‍ത്താവ് ജോസഫിനെ സഹായിക്കാന്‍ പാട്ടകൃഷിയിടത്തിലുമെത്തും. എല്ലാ ജോലികളില്‍നിന്നുമായി 10000 രൂപയോളം വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ജാന്‍സി പറഞ്ഞു. 1990ല്‍ ന്യൂമാന്‍ കോളജില്‍ നിന്നുമാണ് ജാന്‍സി ബി.എ വിജയിച്ചത്. തുടര്‍ന്ന് മദ്രാസില്‍ അക്കൗണ്ടൻറായി ജോലി ചെയ്തു. വിവാഹം കഴിഞ്ഞതോടെ വീട്ടുജോലികളുമായി കഴിഞ്ഞു വരുകയായിരുന്നു. അതിനിടയിലാണ് ഹരിതകര്‍മ സേനയിലെത്തിയത്.

ചെറുപ്പത്തില്‍ ബന്ധുവി​െൻറ വീട്ടിലെ ജീപ്പ് ഉരുട്ടിയാണ് ഡ്രൈവിങ്​ പഠിച്ചത്. പിന്നീട് ലൈസന്‍സെടുത്തു. അതിനാല്‍ ഹരിതകര്‍മസേനക്ക്​ വാഹനം കിട്ടിയപ്പോള്‍ ഡ്രൈവറെ വേറെ അന്വേഷിക്കേണ്ടിവന്നില്ല. ഇഞ്ചിയാനിയിലാണ് ജാന്‍സിയുടെ താമസം. വിദ്യാര്‍ഥികളായ രണ്ട് മക്കളുമുണ്ട്. ജാന്‍സിയെപ്പോലെ ബിരുദധാരിണികളായ ഏറെപ്പേര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ ഹരിത കര്‍മസേനയിലുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.