ഇടുക്കി\അടിമാലി: ഇടുക്കിയിൽ മഴ കനക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ടുദിവസമായി വ്യാപകമായി മഴ പെയ്യുന്നുണ്ട്. ശനിയാഴ്ച തുടങ്ങിയ മഴ ഞായറാഴ്ച കൂടുതൽ ശക്തമാകുയായിരുന്നു. അടിമാലി, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം തൊടുപുഴ താലൂക്കിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.
30.4 മി.മീ. ഇടുക്കി -29.2, ഉടുമ്പൻചോല -15.2, പീരുമേട്-21, ദേവികുളം -25 മി.മീ എന്നിങ്ങനെയാണ് ഞായറാഴ്ച രാവിലെ വരെ മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്. കാലം തെറ്റിപ്പെയ്യുന്ന മഴ കാർഷിക മേഖലക്കും തിരിച്ചടിയായിട്ടുണ്ട്. കുരുമുളക് വിളവെടുപ്പ് തുടങ്ങിയ സമയമാണ്. പലരും വിളവെടുത്ത കുരുമുളക് ഉണക്കാൻ പറ്റാതെ പ്രതിസന്ധിയിലായി. ഇപ്പോൾ വിളവെടുക്കാതെ നിൽക്കുന്ന തോട്ടങ്ങളിൽ കുരുമുളക് വ്യാപകമായി നശിക്കുമെന്ന് കർഷകർ പറയുന്നു.
മഴ പെയ്ത് ഭൂമി തണുത്തതോടെ കുരുമുളക് ചെടി തളിർക്കും. ഇത് വരുംവർഷത്തെ വിളവിനെയും ബാധിക്കും. കൊക്കോ, ജാതി കർഷകരെയും മഴ പ്രതികൂലമായി ബാധിക്കും. കമുങ്ങ് വ്യാപകമായി പഴുത്ത് നശിക്കുന്നുണ്ട്. മഴ ശക്തിപ്രാപിച്ചത് ഉരുൾപൊട്ടൽ ഭീതിയും ഉണ്ടാക്കിയിട്ടുണ്ട്.
മൂന്നാറിൽ തണുപ്പും വർധിക്കുന്ന സ്ഥിതിയാണ് താപനില.വരും ദിവസങ്ങളിലും മൂന്നാറിലും പരിസര പ്രദേശങ്ങളിലും താപനില താഴ്ന്നുനിൽക്കാനാണ് സാധ്യത. താപനില പൂജ്യത്തിൽ താഴെ എത്തിയാൽ മഞ്ഞ് വീഴ്ച തേയിലച്ചെടികളെയും ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.