അടിമാലി: ഒന്ന് ശരിയാകുമ്പോൾ മറ്റൊന്ന് പ്രവർത്തനരഹിതമാകുന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി അടിമാലി താലൂക്ക് ആശുപത്രി. എക്സ്റേ യൂനിറ്റ് പ്രവർത്തനസജ്ജമായപ്പോൾ ഓക്സിജൻ പ്ലാന്റ് പ്രവർത്തനരഹിതമായി.
ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചാൽ ‘സർക്കാർ ആശുപത്രിയല്ലേ ഇങ്ങനെയേ ഉണ്ടാകൂ’യെന്നാണ് അധികൃതരുടെ മറുപടി. വലിയ കെട്ടിടവും സൗകര്യവും ഉണ്ടെങ്കിലും മതിയായ ആരോഗ്യപ്രവർത്തകരില്ലാത്തതും പ്രശ്നം.
ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണിത്.
എന്നാൽ, ദേശീയപാതയിൽ അപകടംഉണ്ടായാൽ ചികിത്സിക്കാൻ ഒരു ട്രോമ കെയർ യൂനിറ്റുപോലും ഇവിടെയില്ല. 66 പേരെ കിടത്തിച്ചികിത്സിക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ മാത്രമാണുള്ളത്. എന്നാൽ, ഒരുദിവസം 1200 മുതൽ 1400 വരെ രോഗികളാണ് ചികിത്സ തേടുന്നത്.
തമിഴ്നാട് അതിർത്തി പ്രദേശത്ത് നിന്നുപോലും നിരവധി രോഗികൾ വരുന്നു. ഇത്രയും രോഗികൾക്ക് ആകെ ലഭ്യമായിട്ടുള്ളത് 22 ഡോക്ടർമാരുടെയും 14 സ്റ്റാഫ് നഴ്സിന്റെയും എട്ട് ക്ലീനിങ് സ്റ്റാഫുകളുടെയും സേവനം മാത്രമാണ്. സൂപ്രണ്ട് അടക്കം 4 ഡോക്ടർമാരുടെ കുറവുണ്ട്. ഒരു നഴ്സിന്റെ ഒഴിവുമുണ്ട്.
എൻ.എച്ച്.എം ജീവനക്കാരെ വെച്ചാണ് മുന്നോട്ട് പോകുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ 2008 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി. അന്ന് 66 കിടക്കക്ക് ആവശ്യമായ ജീവനക്കാർ ഉണ്ടായിരുന്നതാണ് ഇപ്പോഴും തുടരുന്നത്. താലൂക്ക്ആശുപത്രിയായി മാറുകയും 107 കിടക്കയിലേക്ക് ആശുപത്രി പ്രവർത്തനം ഉയരുകയും ചെയ്തു. എന്നാൽ, ജീവനക്കാർ മാത്രം പഴയപടിയാണ്. മറ്റെല്ലാ താലൂക്ക് ആശുപത്രിയിലും ലേ-സെക്രട്ടറി പോസ്റ്റുണ്ട്. ഇവിടെ അതുമില്ല.
കാത്ത് ലാബ്, ബ്ലഡ് ബാങ്ക്, സ്കാനിങ്, ഒക്സിജൻ പ്ലാന്റ്, കണ്ണ് ഓപറേഷൻ തിയറ്റർ ഇവിടുത്തെ സൗകര്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും. എന്നാൽ, പ്രവർത്തിക്കുന്നില്ലെന്ന് മാത്രം. കാത്ത് ലാബിനായി മൂന്നുനില കെട്ടിടം നിർമാണം പൂർത്തി. ഇതിനാവശ്യമായി ഉപകരണങ്ങൾ എത്താൻ ഒമ്പതു കോടി വേണം.സ്കാനിങ് മെഷീൻ സൗകര്യവുണ്ട്. എന്നാൽ, ടെക്നീഷനില്ല. ഇതോടെ ഈ വിഭാഗവും അടഞ്ഞുകിടക്കുന്നു. ബ്ലഡ് ബാങ്ക് സ്ഥാപിക്കാൻ ഉപകരണങ്ങൾ എത്തി. നിർമാണം മാത്രം നടക്കുന്നില്ല. കോവിഡ് കാലത്ത് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് നിസ്സാര തകരാറിന്റെ പേരിൽ ഒക്ടോബർ മുതൽ പ്രവർത്തിക്കുന്നില്ല. നിർമാണ കമ്പനിയുടെ കാലാവധി അവസാനിക്കാറായിട്ടും നന്നാക്കാത്തത് ഗുരുതര അനാസ്ഥയാണ്.
കണ്ണ് ഓപറേഷൻ തിയറ്ററിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തി. എന്നാൽ, നിർമാണം തുടങ്ങിയില്ല. പോസ്റ്റ്മോർട്ടം യൂനിറ്റിൽ സ്ഥിരമായി ഫോറൻസിക് സർജനില്ല. ഇതോടെ ഇടുക്കിയിലേക്ക് റഫർ ചെയ്യുന്നു. ഗൈനക്കോളജി കൺസൾറ്റന്റും ഫിസിഷൻ കൺസൾറ്റന്റും ജോലി ക്രമീകരണത്തിൽ പോലുമില്ല. ഡോക്ടർമാരുടെ കുറവ് കാരണം ഒ.പിയിൽ ദിവസവും വലിയ തിരക്കാണ്. ഫലത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള വലിയൊരു ആശുപത്രിയിലെ ഉപകരണങ്ങളും കെട്ടിടവും ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ നശിക്കുന്നു.
അപകടം പറ്റി ഹോസ്പിറ്റലിൽ എത്തുന്നവരെ ചികിത്സിക്കാൻ ട്രോമ കെയർ യൂനിറ്റ് അടിമാലിയിൽ പ്രവർത്തിക്കുന്നില്ല. അത്യാസന്ന നിലയിൽ രോഗികളെ എത്തിക്കാൻ എപ്പോഴും സജ്ജമായിരിക്കേണ്ട ഐ.സി.യു ആംബുലൻസ് മിക്കപ്പോഴും രോഗികൾക്ക് ലഭ്യമല്ല. ദേശീയപാത 85, 185 കടന്നുപോകുന്ന താലൂക്കിൽ ട്രോമകെയർ ഇല്ലാതെ ഒരു ആശുപത്രി പ്രവർത്തിക്കുന്നത് തന്നെ അദ്ഭുതമാണ്. മൂന്ന് താലൂക്കിലെ ജനങ്ങളുടെ പ്രധാന ആശ്രയമാണ് ഈ താലൂക്ക് ആശുപത്രി. സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ പിറക്കുന്നത് ഇവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.