ആനയിറങ്കൽ അണക്കെട്ട്
അടിമാലി: ആനയിറങ്കൽ എന്ന പേരിന്റെ അർഥം ‘ആനകൾ താഴേക്ക് വരുന്ന സ്ഥലം’ എന്നാണ്. തടാകത്തോട് ചേർന്ന വനങ്ങളിൽനിന്ന് ആനകൾ ആ സ്ഥലത്തേക്ക് ഇറങ്ങുന്നതിനാലാണ് ഈ പേര് വന്നത്. 1960കളിൽ നിർമിച്ച ഏറ്റവും വലിയ മണ്ണ് അണക്കെട്ടുകളിൽ ഒന്നായ ആനയിറങ്കൽ അണക്കെട്ട് എങ്ങനെ വിശേഷിപ്പിക്കണം എന്നതിന് വാക്കുകളില്ല.
പന്നിയാർ പവർഹൗസ് വേനലിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം സംഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആനത്താരയിൽ ഡാം നിർമിച്ചത്. കടുത്ത വേനലിൽ കാട്ടാനകൾ മാത്രമല്ല എല്ലാ വന്യജീവികളും മനുഷ്യരും വളർത്തുമൃഗങ്ങളും ഈ ഡാമിനെ ആശ്രയിക്കുന്നു. മൂന്നാറിൽനിന്ന് 28 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട നിരകളുടെ മനോഹരമായ കാഴ്ചയാൽ സമ്പന്നമാണ് ഈ സ്ഥലം. മനോഹരമായ റിസർവോയറിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്. തേയിലത്തോട്ടങ്ങളും നിത്യഹരിത വനങ്ങളുംകൊണ്ട് ചുറ്റപ്പെട്ടതാണ് ആനയിറങ്കൽ അണക്കെട്ട്. ഒരുവശം വനമേഖലയാലും മറ്റു വശങ്ങൾ ടീ പ്ലാന്റേഷനാലും ചുറ്റപ്പെട്ടിരിക്കുന്നു. കുമളി-മൂന്നാർ പാതക്ക് സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
അണക്കെട്ടിൽനിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു. കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ വെച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ചെറുതോടുകളിലെ ജലവും തമിഴ്നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. ആനയിറങ്കൽ പ്രദേശം നിരവധി ആകർഷണങ്ങളാൽ സമ്പന്നമാണ്.
ലോക്ഹാർട്ട് എസ്റ്റേറ്റിലെ മനോഹരമായ തേയിലത്തോട്ടങ്ങളിലൂടെയും ഗ്യാപ്പിലെ പാറക്കെട്ടുകളിലൂടെയുമുള്ള യാത്ര അതിയായ ആനന്ദം നൽകുന്നു. റോഡിന്റെ ഇരുവശത്തും തേയിലത്തോട്ടങ്ങളുണ്ട്, ഒരുവശത്ത് വ്യത്യസ്ത തലങ്ങളിൽ തേയിലത്തോട്ടങ്ങളുള്ള മനോഹര താഴ്വാരവും മറുവശത്ത് തേയിലത്തോട്ടങ്ങളുള്ള കുന്നുകളുമാണ്. റോഡിന്റെ ഇരുവശത്തും മനോഹരമായ കാടുകളിലൂടെയും യാത്ര പോകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.