കട്ടപ്പന: ഡോക്ടർമാരുടെ കുറവ് കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. 12 ഡോക്ടർമാരുടെ തസ്തികയുള്ള കട്ടപ്പന താലൂക്ക് ആശുപത്രിൽ തിങ്കളാഴ്ച ഉണ്ടായിരുന്നത് മുന്ന് ഡോക്ടർമാർ മാത്രമാണ്. 800ലധികം രോഗികളാണ് ഒ.പിയിൽ ചികത്സ തേടി ആശുപത്രിയിൽ എത്തുന്നത്. കുറഞ്ഞത് സ്പെഷ്യൽ ഡോക്ടർമാർ അടക്കം 12 പേർ വേണ്ടിടത്താണ് ഈ ദുരവസ്ഥ. ഡോക്ടർമാരുടെ കുറവ് മൂലം ആശുപത്രിയിലെത്തുന്ന രോഗികൾ മിക്കവാറും നിരാശരായി മടങ്ങേണ്ടിയും വരുന്നു. നിലവിലുള്ള ഡോക്ടർമാർ അധിക ഡ്യൂട്ടി എടുത്ത് ഒ.പി യൂനിറ്റുകൾ പ്രവർത്തിപ്പിക്കേണ്ട അവസ്ഥയാണ്.
ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണാൻ മാത്രം തിങ്കളാഴ്ച 250ഓളം പേരാണ് എത്തിയത്. ഈ ഡോക്ടർ തന്നെ ജനറൽ വിഭാഗത്തിൽ രോഗികളെയും നോക്കി. ഡയാലിസിസ് വിഭാഗത്തിലെ രോഗികളുടെ കാര്യവും ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ തന്നെ നോക്കേണ്ടി വന്നു. ആദിവാസി, തോട്ടം മേഖലയിൽ നിന്നുള്ള രോഗികളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഇവർ സ്വകാര്യ ആശുപത്രികളിൽ ചികത്സ തേടാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവരാണ്. ജനറൽ, ക്യാഷ്വാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്പെഷ്യാലിറ്റി ഒ.പികളിൽ ഡോക്ടർമാർ അധിക ഡ്യൂട്ടി എടുക്കേണ്ടിവരികയാണ്. ഇത് മറ്റ് സ്പെഷ്യലിറ്റി ഒ.പികളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു.
ഡയാലിസിസ് യൂനിറ്റിൽ ഉണ്ടായിരുന്ന തത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതോടെ മറ്റ് സ്പെഷ്യലിസ്റ്റുകൾ ഇവിടെയും ഡ്യൂട്ടി ചെയ്യേണ്ടിവരികയാണ്. നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പടെ 12 ഡോക്ടർമാരുടെ തസ്തികളാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്. പീഡിയാട്രിക് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർ കൂടുതൽ സൗകര്യാർഥം അടിമാലി താലൂക്ക് ആശുപത്രിലേക്ക് പോയതോടെ പീഡിയാട്രിക് വിഭാഗത്തിലും ഡോക്ടർ ഇല്ലാതായി.
ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്തെ അനുപാതത്തിലുള്ള ജീവനക്കാർ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഡോക്ടർമാരുടെ കുറവ് ആശുപത്രിയിൽ എത്തുന്ന രോഗികളെ പലപ്പോഴും വലക്കുകയാണ്. ഡോക്ടറുടെ സേവനം തേടിയെത്തുന്ന രോഗികളുടെ നീണ്ട വരിയാണ് ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ കാണാനാകുന്നത്.
കാഷ്വാലിറ്റിയിൽ അടക്കം ദിവസേന 750 മുതൽ 800 വരെ രോഗികൾ എത്തുന്നുണ്ട്. ഇവരിൽ പകുതി ആളുകളും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം തേടി എത്തുന്നവരാണ്. ഡോക്ടർമാരുടെ സേവനം ലഭ്യമാവാതാകുന്നതോടെ പല രോഗികളും മടങ്ങുന്നതാണ് പതിവ്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവുശ്യപ്പെട്ടു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഡി.എം.ഒയെ വിളിച്ചു ആശുപത്രിൽ അടിയന്തിരമായി ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാകാതെ വന്നാൽ ആശുപത്രിക്ക് മുന്നിൽ അനിശ്ചിത കാലനിരാഹാര സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹി സിജു ചക്കുമ്മൂട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.