കട്ടപ്പന: വീട്ടമ്മയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയെയാണ് (60) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം നടന്നത്.
പ്രതിയെക്കുറിച്ചു ചില സൂചനകൾ പൊലീസിന് ലഭിച്ചെന്ന് പറയുന്നുണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനാകാത്തതാണ് പൊലീസിനെ വിഷമിപ്പിക്കുന്നത്. നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നയാൾ പ്രതിതന്നെയാണെന്ന് ഉറപ്പിക്കാനാകാത്തതാണ് പ്രശ്നം.
മൊഴികളിലെ വൈരുധ്യവും പൊലീസ് പരിശോധിച്ചുവരുകയാണ്. ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജ്, ഇവരുടെ വീട്ടില്‍ തടിപ്പണിക്കായും മറ്റും എത്തിയ തൊഴിലാളികള്‍ എന്നിവരില്‍നിന്ന് ഞായറാഴ്ച മൊഴിയെടുത്തു.
വീടുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒമ്പതോളം പേരില്‍നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍, ഈ മൊഴികളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍പേരെ ചോദ്യംചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ചിന്നമ്മയുടെ ശരീരത്തില്‍നിന്ന് കാണാതായ നാലുപവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാകാനുള്ള സാധ്യത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെയാണെങ്കില്‍ കൊലപാതകം നടന്നത് മോഷണശ്രമത്തിനിടെ തന്നെ ആകാമെന്നും കരുതുന്നു. എന്നാല്‍, ചിന്നമ്മയുടെ ശരീരത്തില്‍ മുറിപാടുകള്‍ ഇല്ലാതിരുന്നതും വീട്ടില്‍ പിടിവലി നടന്നതിെൻറ ലക്ഷണം ഇല്ലാതിരുന്നതുമാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.
കൊലപാതകം നടന്ന വീടിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് സുഷ്മമായി പരിശോധിച്ചുവരുകയാണ്. കട്ടപ്പന ഡി.വൈ.എസ്.പി ജെ. സന്തോഷ് കുമാർ, സ്റ്റേഷൻ ഓഫിസർ ബി. ജയൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.