കട്ടപ്പന: തേങ്ങ വില കുതിച്ചു കയറിയതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 240 രൂപ കടന്നു. നേട്ടമാകുന്നതാകട്ടെ തമിഴ്നാട്ടിലെ കർഷകർക്ക്.
കേരളത്തിൽ തേങ്ങയുടെ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഒരു മാസം മുമ്പ് തുടങ്ങിയ വിലക്കയറ്റമാണ് ഇപ്പോഴും തുടരുന്നത്. പച്ച തേങ്ങ വില കിലോക്ക് 75 രൂപയും കൊപ്ര വില കിലോക്ക് 140 രൂപയുമായി ഉയർന്നപ്പോൾ വെളിച്ചെണ്ണ വില ലിറ്ററിനു 240 രൂപയും കടന്നു. 2014 ന് ശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്. ഉൽപാദനത്തിലുണ്ടായ ഇടിവും വിപണിയിൽ ഉണ്ടായ ഡിമാൻഡുമാണ് വില ഉയർച്ചക്കിടയാക്കിയത്.
തേങ്ങയുടെ വില കൂടിയതോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ വലിയ വർധനയാണ് ഉണ്ടായത്. വില വർധന ജില്ലയിലെ നാളീകേര കർഷകരിൽ സന്തോഷം ഉണ്ടാക്കിയെങ്കിലും തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടാണ് ഇതുകൊണ്ട് ഏറെ നേട്ടമുണ്ടാക്കുന്നത്. ഓണത്തിനു മുമ്പ് കേരളത്തിൽ നാളികേരത്തിന് കിലോക്ക് 30 മുതൽ 35 വരെ രൂപയാണ് വിലയുണ്ടായിരുന്നത്.
ഓണവിപണിയിൽ ഇത് 36 മുതൽ 45 വരെ രൂപയായി ഉയർന്നിരുന്നു.ഓണ വിപണിയിൽ നാളികേരത്തിനുണ്ടായ വൻ ഡിമാൻഡും ഉല്പാദനത്തിലുണ്ടായ വൻ ഇടിവും വില വർധനക്ക് കാരണമായി. ഈ അനുകൂല സാഹചര്യം മുതലെടുത്തു തമിഴ് നാട്ടിൽ നിന്നു വൻതോതിൽ തേങ്ങയും കൊപ്രയും കേരളത്തിലെത്തി. ഗുണനിലവാരത്തിൽ കേരളത്തിലെ തേങ്ങയെക്കാൾ വളരെ താഴെയാണ് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന തേങ്ങയും കൊപ്രയും. എന്നിട്ടും വിലയിൽ കുറവുണ്ടാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്ടെന്ന് വില ഉയർന്ന് 75 രൂപയിലേക്കെത്തുകയായിരുന്നു.
സംസ്ഥാനത്തു ഏറ്റവും കൂടുതൽ തേങ്ങ വിപണിയിൽ എത്തിക്കുന്ന കാസർകോട്, പാലക്കാട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ചെറുകിട കർഷകർക്ക് ഈ വർഷം നാളികേര ഉൽപാദനം വറുതിയുടെ കാലമായിരുന്നു. ഒരു സമയത്തു പച്ചതേങ്ങ കിട്ടാനില്ലാത്ത സാഹചര്യവും ഉണ്ടായി. ഈ അവസരം മുതലെടുത്തു തമിഴ്നാട്ടിൽനിന്ന് ധാരാളം നാളികേരവും കൊപ്രയും വിപണിയിൽ എത്തി. കേരളത്തിലെ ചെറുകിട കർഷകർ പ്രധാനമായും ഇടനിലക്കാർ വഴിയാണ് നാളികേരം വിപണിയിൽ വിൽക്കുന്നത്. അതിനാൽ വില ഉയർച്ചയുടെ നേട്ടം ഒട്ടുമിക്കവാറും ഇടനിലക്കാരുടെ കൈകളിലേക്കാണ് പോകുന്നത്.
ഓണകാലത്തു കൊപ്ര വില കിലോഗ്രാമിന് ശരാശരി 90 രൂപ മുതൽ 120 രൂപ വരെ യായിരുന്നു. വെളിച്ചെണ്ണ വിലയാകെട്ടെ കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെ യായിരുന്നു.
എന്നാൽ കൊപ്ര വില കിലോഗ്രാമിന് 135 രൂപമുതൽ 140 രൂപ വരെയും വെളിച്ചെണ്ണ വില കിലോഗ്രാമിന് 230 രൂപ മുതൽ 240 രൂപവരെയുമായി ഉയർന്നിട്ടുണ്ട്. ഈ രീതിയിൽ വില ഉയർച്ച തുടർന്നാൽ തേങ്ങാ വില കിലോക്ക് 90 രൂപയും വെളിച്ചെണ്ണ വില 280 രൂപയുമായി ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.