കട്ടപ്പന: ക്രിസ്മസ്, പുതുവർഷ ആഘോഷക്കാലം ലക്ഷ്യമിട്ട് കഞ്ചാവും സ്പിരിറ്റും ജില്ലയിലേക്ക് ഒഴുകുന്നു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവും സ്പിരിറ്റും ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകൾ വഴി കേരളത്തിലേക്ക് എത്തുന്നത്.
ഇടുക്കി, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ,കോഴിക്കോട് ജില്ലകളിലേക്കാണ് കഞ്ചാവിന്റെയും സ്പിരിറ്റിന്റെയും ഒഴുക്ക്. കമ്പംമേട്ട്, ബോഡിമെട്ട്, കുമളി തുടങ്ങിയ ചെക്ക്പോസ്റ്റുകളിലൂടെയാണ് കഞ്ചാവും സ്പിരിറ്റും ജില്ലയിലേക്ക് കടത്തുന്നത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെയുമായി എത്തുന്ന ജീപ്പുകളിലും, പച്ചക്കറി, ചാണകപ്പൊടി, കച്ചി ലോറികൾ കേന്ദ്രീകരിച്ചും ഇരുചക്ര, ആഡംബര കാറുകൾ ഉപയോഗിച്ചുമൊക്കെ ലഹരി കടത്ത് നടക്കുന്നുണ്ടെന്നാണ് വിവരം.
തൊഴിലാളികളെയുമായി പ്രതിദിനം ആയിരത്തിലധികം ജീപ്പുകളാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. വരുന്ന തൊഴിലാളികളെയും ജീപ്പുകളും വിശദമായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കുക പ്രായോഗികമല്ല. ഇത് വലിയ ഗതാഗതക്കുരുക്കിനും പ്രതിഷേധത്തിനും ഇടയാക്കും. ഇത് മറയാക്കിയാണ് ഇടുക്കിയിലേക്ക് കഞ്ചാവും സ്പിരിറ്റും കടത്തുന്നത്.
കേരള- തമിഴ് നാട് അതിർത്തി പ്രദേശത്ത് കമ്പത്തിന് സമീപമുള്ള ചില പ്രദേശത്തെ വാഴത്തോട്ടങ്ങളിലും അതിനുള്ളിലുള്ള കെട്ടിടങ്ങളിലുമാണ് കഞ്ചാവും സ്പിരിറ്റും സ്റ്റോക്ക് ചെയ്യുന്നതെന്നും വിവരങ്ങളുണ്ട്. ആഡംബരകാറുകളിലും, ഇറച്ചി കോഴി കൊണ്ടുവരുന്ന ലോറികളിലും പരിശോധന കർശനമല്ല. ഇത്തരം വാഹനങ്ങളിൽ അടുത്ത നാളിൽ കഞ്ചാവ് കടത്ത് വർധിച്ചിട്ടുണ്ട്.
പച്ചക്കറി, വാഴക്കുല തുടങ്ങിയവ കയറ്റി പോകുന്ന ലോറികളും കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ തോട്ടം മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ മദ്യവില്ലനശാലകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി തോട്ടം മേഖലകളിലും ഉൾനാടൻ ഗ്രാമങ്ങളിലും വിൽപന നടത്തുന്ന സംഘങ്ങളും ആഘോഷങ്ങൾ എത്തിയതോടെ സജിവമായിട്ടുണ്ട്.
കട്ടപ്പന: നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം കട്ടപ്പനയിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കട്ടപ്പനയിലേക്ക് നിരോധിത പാൻ മസാലയുമായി ഒരാൾ വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
കട്ടപ്പന ടൗണിലെ മാർക്കറ്റിൽ വ്യാപാരം നടത്തുന്ന എം.എസ്. സ്റ്റോഴ്സ് ഉടമ യൂസഫ് ഹമീദാണ് (45) പിടിയിലായത്. കടയിലേക്ക് വിൽപനയ്ക്കായി വാഹനത്തിൽ കൊണ്ടുവരവെ കട്ടപ്പന പള്ളിക്കവലയിൽ വച്ചാണ് പൊലീസ് സംഘം ഇയാളെ പി ടികൂടിയത്.
രണ്ടു ചാക്കുകളിലായി വാഹനത്തിൽ സൂക്ഷി ച്ചിരുന്ന 2610 പായ്ക്കറ്റ് പാൻ മസാല ഉൽപന്നങ്ങളാണ് പിടികൂടിയത്. 13,650 രൂപയുടെ സാധനങ്ങളാണ് വാഹനത്തിൽ കണ്ടെത്തിയത്. മുൻപും ഇതേ കേസിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡി.വൈ.എസ്.പിയുടെ നിർദേശപ്ര കാരം ഡാൻസാഫ് സംഘവും എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്.ഐ. എബി ജോർജ്, സുമേഷ് തങ്കപ്പൻ, കെ.ടി.സന്തോഷ്, വി.എം. ശ്രീജിത്ത്, ശരണ്യമോൾ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
പീരുമേട് : ഉപ്പുതറയിലെ ബെവ്കോ മദ്യവിൽപനശാലക്ക് സമീപത്തുനിന്ന് 50 കുപ്പി മദ്യം എക്സൈസ് അധികൃതർ കണ്ടെടുത്തു. മദ്യ വിൽപനശാല കെട്ടിടത്തോട് ചേർന്ന ശൗചാലയത്തിന് സമീപത്തു നിന്ന് മൂന്ന് ബാഗുകളിലായി അര ലിറ്റർ വീതമുള്ള 50 കുപ്പികളിലായി 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് ഉടമസ്ഥർ ഇല്ലാത്ത നിലയിൽ കണ്ടെടുത്ത്. മദ്യ കുപ്പികളുടെ അടപ്പിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റിക്കറുകളിലെ ലേബൽ നമ്പറുകളിൽ അവസാന അക്കങ്ങൾ നശിപ്പിച്ച നിലയിലാണ്.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, പ്രിവന്റീവ് ഓഫീസർ ഡി.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.