കട്ടപ്പന: സുരക്ഷിതമായി കൂടൊരുക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ഇണക്കുരുവികൾ കട കൈയേറുകയല്ലാതെ എന്തുചെയ്യും? പ്രത്യേകിച്ച് എന്തിനും ഏതിനും കൈയേറ്റം നടക്കുന്ന ഇടുക്കിയിൽ. ഇരട്ടയാറിലെ പലചരക്കു കട കൈയേറി കൂടു നിർമിച്ച ഹമ്മിങ് ബേഡ് ഇണകളാണ് (തേൻ കുരുവികൾ) പുതിയ കൈയേറ്റക്കാർ.
ഇരട്ടയാർ ചേലക്കക്കവല ടണൽ സൈറ്റ് സിബി സെബാസ്റ്റ്യന്റെ സിബി സ്റ്റോഴ്സ് എന്ന പലചരക്ക് കടയിലെ സി.സി ടി.വി കേബിളിലാണ് ഹമ്മിങ് ബേഡ് ഇണകൾ കൂടൊരുക്കാൻ സ്ഥലം കണ്ടെത്തിയത് . ഒരുമാസമായി തേൻ കുരുവി കട കൈയേറി കൂട് നിർമിക്കാൻ തുടങ്ങിയിരുന്നു. രണ്ടുവട്ടം ഒഴിപ്പിച്ചിട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വീണ്ടും കൂടു നിർമാണം തുടർന്നതോടെ സിബിയും കൈയേറ്റത്തിന് മൗനസമ്മതം നൽകിയിരിക്കുകയാണ് .
ഒരുമാസം മുമ്പ് വൈകീട്ട് കട വൃത്തിയാക്കുമ്പോഴാണ് സി.സി ടി.വി കേബിളിൽ മാറാലയും കരിയിലകളും തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. മാറാലയാണെന്ന് കരുതി തൂത്തു കളഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കേബിളിൾ വീണ്ടും മാറാല. അതും തൂത്തു കളഞ്ഞു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാറാലയും കരിയിലയും വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ് ഒരു കുഞ്ഞൻ പക്ഷി കരിയിലയുമായി പറന്നു വന്നു കേബിളിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നിരീക്ഷിച്ചപ്പോൾ രണ്ട് തേൻകുരുവികൾ കൂടുകൂട്ടാനുള്ള ശ്രമാണെന്ന് വ്യക്തമായി.
വൈകീട്ട് പക്ഷികൾ കൂടണഞ്ഞ ശേഷമേ സിബി കടയടക്കുകയുള്ളു. രാവിലെ നേരത്തേ തുറക്കുകയും ചെയ്യും. കടയിൽ വരുന്നവരും പക്ഷികളെ കൗതുകത്തോടെയാണ് കാണുന്നത്. ഇനി മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ വലുതാകുന്നതുവരെ തേൻ കുരുവിക്ക് സിബിയുടെ കടയിൽ സുരക്ഷിതത്വത്തോടെ കഴിയാം. അതുവരെ അവയെ കുടിയിറക്കാതെ നോക്കാൻ സിബിയുണ്ട്. ഒപ്പം കുരുവികളെ സ്നേഹിക്കുന്ന നാട്ടുകാരും.
ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളുടെ കുടുംബത്തിൽ പെടുന്നതാണ് തേൻ കുരുവി എന്ന ഹമ്മിങ് ബേഡ്. വംശനാശ ഭീഷിണി നേരിടുന്ന പക്ഷി കൂടിയാണിത്. പക്ഷി വർഗത്തിൽ അതിവേഗം മുന്നോട്ടും പിന്നോട്ടും പറക്കാൻ കഴിയുന്ന പക്ഷികളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.