കട്ടപ്പന: മൗലികവും കാലികവുമായ രചന വൈഭവത്തിലൂടെ നാടകഭൂപടത്തിൽ സ്വന്തം ഇടംകണ്ടെത്തിയ ഇടുക്കിയുടെ സ്വന്തം രചയിതാവാണ് കെ.സി എന്ന കെ.സി. ജോർജ്. സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ പ്രഫഷനൽ നാടകമത്സര വിജയികളിൽ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം ലഭിച്ചത് കെ.സി. ജോർജിനാണ്.
കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രിക വസന്തം എന്ന നാടകമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 2010ൽ കോഴിക്കോട് സാഗർ കമ്യൂണിക്കേഷന്റെ ‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിനും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
സ്കൂൾ പഠനകാലത്ത് നടനായാണ് അരങ്ങേറ്റം. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ഹൈസ എന്ന അമച്വർ നാടകസമിതിക്ക് രൂപംനൽകി. ഈയിടെ അന്തരിച്ച നാടകനടൻ എം.സി കട്ടപ്പനയാണ് ആദ്യപാഠങ്ങൾ പകർന്നുനൽകിയത്. ഹൈസക്കു ശേഷം നിസ്തുല, കാൽവരി മൗണ്ട് താബോർ തിയറ്റേഴ്സ്, സ്വരാജ് സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ നാടക സമിതികൾക്കായി നാടകമെഴുതി.
2005ൽ ഓച്ചിറ സരിഗയുടെ ‘അതിരുകളില്ലാത്ത ആകാശം’ നാടകത്തിലൂടെയാണ് പ്രഫഷനൽ രംഗത്തെത്തുന്നത്. സ്കൂൾ-കോളജ് പ്രാദേശിക സമിതികൾക്കുവേണ്ടി നാൽപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ഇതുവരെ 50ലധികം പ്രഫഷനൽ നാടകങ്ങൾക്ക് കെ.സിയുടെ തൂലിക ചലിപ്പിച്ചു. പ്രഫഷനൽ നാടക വേദിയിൽ ആദ്യമായി അഞ്ച് കഥകൾ ഒരൊറ്റ നാടകമാക്കി അരങ്ങിലെത്തിച്ചതിന്റെ കീർത്തിയും കെ.സിക്ക് സ്വന്തം.
തിരൂർ ആക്ട്, ഭരത് ബാലൻ കെ. നായർ അവാർഡ്, കണിച്ചുകുളങ്ങര എസ്.എൽ പുരം അവാർഡ്, കോട്ടയം ദർശന എൻ.എൻ. പിള്ള പുരസ്കാരം, വടക്കൻ പറവൂർ എം.ഇ.എസ് സാംസ്കാരിക പഠനകേന്ദ്രം അവാർഡ്, ചാലക്കുടി എ.കെ. ലോഹിതദാസ് പുരസ്കാരം, കെ.സി.ബി.സി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, മഴവിൽ മനോരമ, സീ തുടങ്ങിയ ചാനലുകൾക്ക് സീരിയലുകൾ എഴുതി. വൺ ഫോർ ത്രീ എന്ന സിനിമയുടെ തിരക്കഥയും രചിച്ചു. കട്ടപ്പന വള്ളക്കടവിലാണ് താമസം. ഭാര്യ: ബീന. മക്കൾ: ജെറോം, ജെറിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.