കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനും കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയിലെ അവശേഷിക്കുന്ന മെംബറും സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന കട്ടപ്പനയുടെ വികസന ശില്പി മണിയങ്ങാട്ട് (ലുക്കോസ്) പാപ്പച്ചന് (91) കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച 2.30 ന് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. നഗരസഭാ അധ്യക്ഷ ബീന ടോമി മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു. കെ.പി.സി.സി അംഗം ഇ.എം ആഗസ്തി, മുൻ നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി, മുൻ വൈസ് ചെയർമൻ ജോയി ആനിതോട്ടം കൗൺസിലർമാരായ സിബി പാറപ്പായി, തങ്കച്ചൻ, തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് മൃതദേഹം നിരവധി വാഹങ്ങളുടെ അകമ്പടിയോടെ പരേതന്റെ വള്ളക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോയി പൊതു ദർശനത്തിന് വച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.45 ന് വള്ളക്കടവ് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.