പീരുമേട്: മുടങ്ങിക്കിടന്ന ടേക്ക് ഓവർ സർവിസുകൾ പുനരാരംഭിച്ചതോടെ ഹൈറേഞ്ചിലെ നിരത്തുകളിൽ വീണ്ടും കെ.എസ്.ആർ.ടി.സിയുടെ ആധിപത്യം. ലാഭത്തിൽ ഓടിയിട്ടും നിർത്തിയതും കോവിഡിന് ശേഷം പുനരാരംഭിക്കാതിരുന്നതുമാണ് സർവിസുകൾ കുറയാൻ കാരണമായത്. സൂപ്പർ ക്ലാസ് പെർമിറ്റുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് അനുകൂലമായി കോടതി ഉത്തരവ് ഉണ്ടായതോടെയാണ് ടേക്ക് ഓവർ സർവിസുകൾ പുനഃരാരംഭിച്ചത്.
ഏറ്റെടുത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് ഇല്ലാത്തതിനാൽ 140 കിലോമീറ്ററിന് മുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് കഴിഞ്ഞ നവംബറിൽ നാല് മാസത്തേക്ക് പെർമിറ്റ് നീട്ടി നൽകിയിരുന്നു. ഫെബ്രുവരിയിൽ ഇതിന്റെ കാലാവധി അവസാനിക്കും. ടേക്ക് ഓവർ സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകുമെന്നതിനാലാണ് കെ.എസ്.ആർ.ടി.സിയുടെ നടപടി. ഹൈറേഞ്ചിലെ ഉൾനാടൻ മേഖലകളായ ചെമ്മണ്ണാർ, മാവടി, തോവാള, കോമ്പയാർ ഉൾപ്പെടെ സ്ഥലങ്ങളിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചു. കുമളി -എറണാകുളം -അമൃത ആശുപത്രി, ബാലൻ പിള്ള സിറ്റി - കോട്ടയം മെഡിക്കൽ കോളജ്, ചെമ്മണ്ണാർ -ചങ്ങനാശ്ശേരി, തോവാള -നെടുങ്കണ്ടം -കോട്ടയം തുടങ്ങിയ സർവിസുകളാണ് ബുധനാഴ്ച ആരംഭിച്ചത്. കഴിഞ്ഞ ദിവസം നാല് സർവിസുകളും ആരംഭിച്ചിരുന്നു. കുമളി, നെടുങ്കണ്ടം ഡിപ്പോകളിൽ മുടങ്ങിക്കിടക്കുന്ന ഏഴ് സർവിസുകൾ പുനരാരംഭിക്കാനുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവയും ഓടിത്തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.