കുമളി: റവന്യൂ അധികൃതരുടെ പിന്തുണ ലഭിച്ചതോടെ കുമളിയിലെ വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നത് വ്യാപകമായി. കുമളി വില്ലേജിന് കീഴിലെ അട്ടപ്പള്ളം, വലിയകണ്ടം ഉൾപ്പെടെ വിവിധ മേഖലകളിൽ ഏതാനും മാസങ്ങൾക്കിടെ ഏക്കർ കണക്കിന് സ്ഥലമാണ് മണ്ണിട്ട് നികത്തിയത്.
നികത്തുന്നതിന് രേഖകൾ തയാറാക്കി നൽകുന്ന സംഘത്തിന്റെ സഹായത്തോടെ, റവന്യൂ അധികൃതർ പെർമിറ്റ് നൽകുന്നതോടെയാണ് നികത്തൽ ആരംഭിക്കുന്നത്.
വിവരം റവന്യൂ അധികൃതരെ അറിയിച്ചാലും ഫലമൊന്നുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കുമളി പ്രദേശത്ത് ഏറ്റവുമധികം നെല്ല് ഉൽപാദിപ്പിച്ചിരുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പള്ളം. ഇവിടത്തെ വയലുകൾ വീട് നിർമിക്കാനെന്ന പേരിൽ പെർമിറ്റ് സംഘടിപ്പിച്ചാണ് വ്യാപകമായി നികത്തിയത്.
റവന്യൂ അധികൃതരെ കാണേണ്ടിയതുപോലെ കണ്ടാൽ മലയിടിക്കാനും വയൽ നികത്താനും അനുമതി നൽകുമെന്ന് നാട്ടുകാർ പറയുന്നു. പകലും രാത്രിയും ഭേദമില്ലാതെ ടിപ്പർ ലോറികളിൽ മണ്ണെത്തിച്ച് യന്ത്രങ്ങളുടെ സഹായത്തോടെയാണ് നികത്തൽ തുടരുന്നത്. രാത്രി മുഴുവൻ വാഹനങ്ങളുടെ ശബ്ദം കാരണം, ഇതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടാലും പൊലീസും കാര്യമായി നടപടി സ്വീകരിക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്. വയൽ നികത്തലും മലയിടിക്കലും വ്യാപകമായതോടെ നാട്ടുകാർ റവന്യൂ ജില്ല അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. വില്ലേജിലെ വീതം വെപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും ലഭിക്കുന്നതായാണ് വിവരം.
ദൈനംദിന ആവശ്യങ്ങളുമായി വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെ പേരിൽ രേഖകൾ ലഭിക്കാൻ ദിവസങ്ങളോളം ഓഫിസ് കയറിയിറങ്ങി നടക്കേണ്ടി വരുന്നത് പതിവാണ്. എന്നാൽ, മലയിടിക്കാനും മണ്ണിട്ട് നികത്താനും മണിക്കൂറുകൾക്കുള്ളിൽ അനുമതി നൽകുന്നതാണ് കുമളി വില്ലേജ് ഓഫിസിലെ രീതിയെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.