കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ വാഹന പരിശോധന നടത്തുന്ന എക്സൈസ് അധികൃതർ.
കുമളി: ലഹരിക്കെതിരെ സംസ്ഥാനത്തുടനീളം നടപടി ശക്തമാക്കുമ്പോഴും അതിർത്തി കടന്ന് കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അതിർത്തിക്കപ്പുറത്തുനിന്ന് സംസ്ഥാനത്തേക്ക് കഞ്ചാവും രാസലഹരികളും നിർബാധം കടന്നുവരുമ്പോൾ അത് ഫലപ്രദമായി തടയാൻ ആധുനിക സംവിധാനമൊന്നുമില്ലാതെയാണ് എക്സൈസിന്റെ പരിശോധന. ജില്ലയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ തമിഴ്നാട് അതിർത്തികളിൽ ലഹരിക്കടത്ത് കണ്ടെത്താൻ എക്സൈസ് പരിശോധനകൾ തുടരുന്നുണ്ടെങ്കിലും പിടികൂടുന്നത് വളരെ തുച്ഛം മാത്രം.
ചരക്കുവാഹനങ്ങളിൽ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചും വിവിധ ജോലികൾക്കെത്തുന്ന സ്ത്രീ തൊഴിലാളികൾ വഴിയും ആഡംബര വാഹനങ്ങളിലുമാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉൾപ്പെടെ അതിർത്തി കടക്കുന്നത്. ഇത് കണ്ടെത്താൻ അതിർത്തിയിൽ സംവിധാനമൊന്നും നിലവിലില്ല. വാഹന, ശരീര പരിശോധനകൾവഴി ജീവനക്കാർ കണ്ടെത്തുന്നത് മാത്രമാണ് ഇപ്പോൾ പിടികൂടുന്നവയുടെ ലിസ്റ്റിൽ വരുന്നത്.
ഓരോ ദിവസവും നൂറുകണക്കിന് വാഹനവും ആയിരക്കണക്കിന് യാത്രക്കാരുമാണ് അതിർത്തിവഴി കേരളത്തിലേക്ക് കടക്കുന്നത്. ഇവരെ പരിശോധിക്കാൻ മൂന്ന് ചെക്ക്പോസ്റ്റിലുമായി ആകെയുള്ളത് 50ൽ താഴെ എക്സൈസ് ഉദ്യോഗസ്ഥരും. ലഹരി കടത്തും ഉപയോഗവും സംസ്ഥാനത്ത് വ്യാപകമായിട്ടും ഇവ വരുന്ന വഴിയിലെ പരിശോധനകൾ കാര്യക്ഷമമല്ലാത്തത് ലഹരി കടത്ത് തടയുന്നതിലെ സർക്കാർ പൊള്ളത്തരം വ്യക്തമാക്കുന്നതായി നാട്ടുകാർ പറയുന്നു.
രാസലഹരി ഉൾപ്പെടെ മണത്തറിയാൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് പൊലീസിന് സ്വന്തമായി ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവയുടെ സേവനം ചെക്ക്പോസ്റ്റുകളിൽ ലഭിക്കുക. പകരം വെറുംകൈകൊണ്ടുള്ള പരിശോധനയിൽ വല്ലതും തടഞ്ഞാലായി. ആധുനിക ഉപകരണങ്ങളും ഡോഗ് സ്ക്വാഡും ലഹരി കടത്ത് കുറ്റവാളികളെ പതിവായി നിരീക്ഷിക്കാനുള്ള സംവിധാനവും കാര്യക്ഷമായാലേ അതിർത്തിവഴിയുള്ള ലഹരികടത്ത് തടയാനാവൂ. തമിഴ്നാട് വഴി ഒഡിഷ, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവും രാസലഹരിയും കേരളത്തിലേക്ക് വരുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയുടെ പ്രധാന വ്യാപാരികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കഴിയാത്തത് കേരളത്തിലെ ലഹരി കടത്തിന് സഹായകമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.