കുമളി: വണ്ടിപ്പെരിയാറിൽ നടന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാത്രി തേക്കടിയിലെത്തിയ മന്ത്രിമാരുടെ സംഘം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ തേക്കടിയിൽനിന്ന് മടങ്ങി. തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകളായ ആരണ്യ നിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിലാണ് മന്ത്രിമാർ താമസിച്ചത്. രാവിലെ മന്ത്രി സജി ചെറിയാൻ സ്പീഡ് ബോട്ടിൽ അല്പസമയം തടാകം ചുറ്റിയതൊഴിച്ചാൽ മന്ത്രിമാരാരും തേക്കടിയിലെ കാഴ്ചകാണാൻ പുറത്തിറങ്ങിയില്ല.
തേക്കടി ബാംബൂ ഗ്രോവിൽ മന്ത്രിസഭ യോഗം ചേർന്നെങ്കിലും മുൻ നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് ചർച്ച ചെയ്തതെന്നാണ് വിവരം. തേക്കടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രത്യേക പാക്കേജ്, കൂടുതൽ ബോട്ടിങ് സൗകര്യം എന്നിങ്ങനെ വിനോദസഞ്ചാര മേഖല ഉറ്റുനോക്കിയ പ്രശ്നങ്ങൾക്കൊന്നും മറുപടി പറയാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തേക്കടി വിട്ടത്.
തേക്കടിയിലെ താമസസ്ഥലത്തുനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ പ്രത്യേക വാഹനങ്ങളിലാണ് മന്ത്രിസഭ യോഗം ചേർന്ന ബാംബൂ ഗ്രോവിൽ എത്തിയത്. യോഗത്തിനുശേഷം ശബരിമല പ്രത്യേക അവലോക നയോഗവും ബാംബൂഗ്രോവിൽ നടന്നു.
യോഗങ്ങൾക്കുശേഷം പുറത്തുവന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ തിരികെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. 12 മണിയോടെയാണ് സംഘം പ്രത്യേക ബസിൽ വണ്ടിപ്പെരിയാറ്റിലേക്ക് പുറപ്പെട്ടത്. മന്ത്രിസഭ യോഗത്തിൽ തേക്കടി കാത്തിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ മന്ത്രിമാർ മടങ്ങിയത് വിനോദസഞ്ചാര മേഖലയെ വലിയ നിരാശയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.