കുമളി: ദിവസങ്ങളായി കുമളിയിലെ വിവിധ ഭാഗങ്ങളിൽ പുലി ചുറ്റിത്തിരിയുന്നത് നാട്ടുകാരെ വട്ടംചുറ്റിക്കുന്നു. വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവായതും പല സ്ഥലത്തും പുലിയെ നേരിട്ട് കാണാനായതും നാട്ടുകാരെ ഭീതിയുടെ മുൾമുനയിലാക്കി. ദിവസങ്ങൾക്ക് മുമ്പ് അമരാവതിയിൽ ജേക്കബിന്റെ മൂന്ന് ആടുകളെ ആക്രമിക്കുകയും രണ്ടെണ്ണത്തിനെ കൊല്ലുകയും ചെയ്തതിരുന്നു. ഇതെതുടർന്ന് പുലിയെ കണ്ടെത്താൻ വനപാലകർ പ്രദേശത്ത് കാമറ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
കാമറയിൽ പുലിയെ കാണാതായതോടെ അന്വേഷണം മതിയാക്കി വനപാലകർ സ്ഥലംവിട്ടതായി നാട്ടുകാർ പറയുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ മറ്റൊരു വീട്ടിന്റെ മുറ്റത്ത് പുലി നിൽക്കുന്നത് പ്രദേശവാസി കണ്ടതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിയായി.
കഴിഞ്ഞ ദിവസം അമരാവതിയുടെ സമീപ പ്രദേശമായ ഒട്ടകത്തലമേട്ടിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നാട്ടുകാർക്ക് രാത്രിയിൽ വീടിനു പുറത്തിറങ്ങാൻ തന്നെ ഭീതിയായിട്ടുണ്ട്. വീടിന്റെ മുറ്റത്തെ നനഞ്ഞ മണ്ണിലാണ് പുലിയുടെ കാൽപാടുകൾ കണ്ടത്. പിന്നാലെ ഈ ഭാഗത്തെ സ്വകാര്യ റിസോർട്ടിന്റെ മുറ്റത്ത് വെള്ളിയാഴ്ച രാവിലെ 6.10ന് ഹോട്ടൽ സെക്യൂരിറ്റി പുലിയെ നേരിൽ കണ്ടു. വളർത്തുനായ്കൾ, ആടുകൾ, മുയലുകൾ എന്നിവയെ എല്ലാം പുലി പിടികൂടി ഭക്ഷിക്കുന്നുണ്ട്.
കാർഷിക മേഖലയായതിനാൽ പ്രദേശത്തെ വീടുകൾ ഒറ്റപ്പെട്ട നിലയിലായതും മിക്ക സ്ഥലത്തും വളർത്തുമൃഗങ്ങൾ ഉള്ളതും പുലി, പ്രദേശത്ത് തന്നെ ചുറ്റി നടക്കാൻ ഇടയാക്കുന്നുണ്ട്. അമരാവതി, രണ്ടാം മൈൽ, ചക്കുപള്ളം, വലിയ പാറ, പാണ്ടിക്കുഴി പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ കൃഷിയിടങ്ങളിലെ ജോലികൾക്ക് ഇറങ്ങാൻ പോലും കഴിയുന്നില്ലന്ന് ഭീതിയിലായ നാട്ടുകാർ പറയുന്നു. ദിവസങ്ങളായി പ്രദേശത്തുകൂടി ചുറ്റി നടക്കുന്ന പുലിയെ കൂട് വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിന്റെ ഉൾഭാഗത്ത് തുറന്നുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും വനപാലകർ നടപടി സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.