തൊടുപുഴ: ഇടുക്കി ലോക് സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്. ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. ഏഴു മണ്ഡലങ്ങളിലായി 1,315 പോളിങ് സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന് ആവശ്യമായ 6,312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1,578 കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂനിറ്റും 1,710 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി.
ഇന്നു രാവിലെ എട്ടു മണി മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കൽ ബൂത്തുകളില്ല. 56 പ്രശ്നബാധിത പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7,717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്.
25 സി.ആര്.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ മദ്യ വില്പനശാലകളും ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പ് ദിവസം വൈകീട്ട് ആറ് മണി വരെ അടച്ചിടും. ഇന്നലെ ആറുമണിക്ക് കൊട്ടി കലാശം കഴിഞ്ഞതോടെ, നിശബ്ദ പ്രചാരണം മാത്രമേ അനുവദിക്കൂ. 144 പ്രഖ്യാപിക്കുന്നതോടുകൂടി കൂട്ടംകൂടിയ പ്രചാരണ പരിപാടികള്‍ അവസാനിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ദിനത്തില്‍ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ പ്രത്യേക കണ്ട്രോള് റൂം ഒരുക്കും. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം നമ്പറുകള്‍ ക്രമീകരിച്ചാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാര്‍ക്കും പോളിങ ഉദ്യോഗസ്ഥര്‍ക്കും പരാതികളോ നിർദേശങ്ങളോ ഉണ്ടെങ്കില്‍ അതത് നമ്പറില്‍ വിളിച്ചറിയിക്കാം. മണ്ഡലം, ഫോണ്‍ നമ്പര്‍ യഥാക്രമം : മൂവാറ്റുപുഴ -04862 232500, കോതമംഗലം : 04862 232504, ദേവികുളം : 04862 232513, ഉടുമ്പന്‍ചോല : 04862 232514, തൊടുപുഴ : 04862 232519, ഇടുക്കി: 04862 232520, പീരുമേട് : 04862 232522
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ല തലത്തില്‍ ഏഴ് മണ്ഡലങ്ങളിലും കണ്ട്രോള് റൂം ആരംഭിച്ചു. 752 പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിൽ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പ്രത്യേകം കണ്ട്രോള് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിങ് സെൽ, പോള്‍ മാനേജര്‍, വിവിധ ഐ.ടി. ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള കണ്ട്രോള് റൂമുകള്‍, വെബ് കാസ്റ്റിങ് കണ്ട്രോള് റൂമുകള്‍, തുടങ്ങി വിവിധ കണ്ട്രോള് റൂമുകള്‍ നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഇതുവരെ 7707 വീട്ടിലെ വോട്ടുകളാണ് ചെയ്തത്. വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പോളിങ് നടന്നുകൊണ്ടിരിക്കുന്നു. 418 പേർ വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകൾ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു.
തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ഫ്ലയിങ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാതൃക പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച 2,5591 വസ്തുവകകള്‍ നീക്കം ചെയ്തു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 25 വരെയുള്ള കണക്കാണിത്. 18,958 പോസ്റ്ററുകളും 3,218 ബാനറുകളും 3,406 കൊടികളും നീക്കം ചെയ്തു. ഇതില്‍ 7222 പരാതികള്‍ സി വിജില്‍ ആപ് മുഖേനയാണ് ലഭിച്ചത്.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി വിജില്‍ ആപ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്കുന്നതെങ്കില് മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ.ടി.പിയും അടിസ്ഥാന വിവരങ്ങളും നല്കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കില് അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.
തുടര്‍ന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം. സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.
പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും.
തൊടുപുഴ: ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് വിവിധ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 112 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിലേക്ക് അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും 25ന് രാവിലെ അഞ്ചു മണി മുതല്‍ ബസുകള്‍ പുറപ്പെടും. ദേവികുളം മണ്ഡലം-മൂന്നാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ഉടുമ്പന്‍ചോല-നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്, തൊടുപുഴ-മിനി സിവില്‍ സ്റ്റേഷന്, ഇടുക്കി-പുതിയ ബസ് സ്റ്റാന്‍ഡ് കട്ടപ്പന, ചെറുതോണി ടൗണ്‍, പീരുമേട്-മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കുട്ടിക്കാനം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.
പോളിങ് സാമഗ്രികള്‍ തിരികെ കൈപറ്റിയതിനു ശേഷം മടക്കയാത്രക്കും ഈ ബസുകള്‍ ഉപയോഗിക്കാം. സുഗമമായ യാത്രയ്ക്ക് ഓരോ മണ്ഡലത്തില്‍ നിന്നും 20 ന് മുകളില്‍ ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.