വണ്ടിപ്പെരിയാർ: മകരവിളക്ക് ദർശനത്തിനായി ജില്ല പൂർണസജ്ജമായതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കം വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, സബ്കലക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
എട്ട് ഡിവൈ.എസ്.പിമാർ, 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന്റെ സഹായത്തോടെ 40 അസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമീഷൻ നിർദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് അറിയിച്ചു.
മകരവിളക്ക് ദർശനശേഷം പുല്ലുമേട്ടിൽനിന്ന് സന്നിധാനത്തേക്ക് പോകാൻ തീർഥാടകരെ അനുവദിക്കില്ല. കുമളി, പീരുമേട്, വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം-പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീർഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളിവഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.
ഗവി റൂട്ടില്‍ വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തടയാൻ പൊലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ഗതാഗത തടസം, അപകടത്തിനും കാരണമാകുന്നരീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിർദേശം നൽകി.
നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള 10 കി.മീ ദൂരത്തില്‍ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പൊലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തും.
കാനന പാതയില്‍ ഓരോ കിലോമീറ്ററിനുള്ളിലും ഡ്യൂട്ടിക്കായി ഉദ്യോസ്ഥരെ നിയമിച്ചു. സത്രം ഭാഗത്ത് സീറോ പോയന്റ്, പുല്ലുമേട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഇക്കോ ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കും. സത്രം, കോഴിക്കാനം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന കർശനമാക്കും. റാപിഡ് റെസ്പോൺസ് ടീം, വന്യമൃഗ രക്ഷാസംഘം, കാനന പാതയിലെ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംഘം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
കുമളിയിലും വണ്ടിപ്പെരിയാറിലും കണ്ട്രോള് റൂം തുറന്നു. പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയന്റുകളില്‍ ഫയര്‍ഫോഴ്സ് യൂനിറ്റ് സജ്ജമാണ്.
ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. പാഞ്ചാലിമേട്ടിൽ കഴിഞ്ഞ വര്‍ഷം നാലായിരത്തോളം തീർഥാടകര്‍ എത്തിയതായാണ് ഡി.ടി. പി.സിയുടെ കണക്ക്. ഇവിടെ ബാരിക്കേഡുകളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കി കഴിഞ്ഞു. ഡി. ടി.പി.സിയൂടെ ഉടമസ്ഥതയിലുള്ള ശുചിമുറികള്‍ തുറന്ന് നല്‍കിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും തീർഥാടകർ സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.