ഇടുക്കി: മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രധാന സ്ഥലങ്ങളും ദൂരവും മറ്റും കണ്ടെത്താൻ പുതിയ ക്യു.ആർ കോഡ് ആപ്പ് തയാറാക്കുന്നു. ദേവികുളം സബ്കലക്ടർ എസ്. പ്രേം കൃഷ്ണെൻറ മേൽനോട്ടത്തിൽ കൈറ്റ്സ് സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് പദ്ധതി.
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഇവിടേക്ക് എത്താനുള്ള വിവരങ്ങൾ, വിനോദസഞ്ചാരികൾക്ക് അത്യാവശ്യമുള്ള മറ്റുവിവരങ്ങൾ തുടങ്ങിയവ ക്യു.ആർ കോഡ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ തയാറാക്കുന്ന ക്യു.ആർ കോഡ് സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങൾ, വാഹനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പതിക്കും.
വിനോദസഞ്ചാരികൾ ഇത്തരം സ്റ്റിക്കറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ ആവശ്യമായ വിവരം ലഭ്യമാകും. വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ സംബന്ധിച്ച് മൂന്നാറിനെ ഏഴ് മേഖലയായി തിരിച്ച് വിവരശേഖരണം ആരംഭിച്ചു. മേഖലയിലെ റോഡുകൾക്കാണ് മുൻതൂക്കം. പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, ആശുപത്രി, താമസസൗകര്യങ്ങൾ, ഭക്ഷണശാലകൾ, യാത്രമാർഗങ്ങളും സഞ്ചരിക്കേണ്ട ദൂരവും, വ്യാപാരസ്ഥാപനങ്ങൾ എന്നിവയും ഉൾപ്പെടും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി നേതൃത്വത്തിൽ 30 ഗൈഡുകൾക്ക് പ്രത്യേക പരിശീലനം നൽകും. വെബ്സൈറ്റ് നിർമാണത്തിന് 29 മുതൽ 31 വരെ കോഡ് ഫോർ മൂന്നാർ എന്ന പേരിൽ മൂന്നാർ എൻജിനീയറിങ് കോളജിൽ ഹാക്കത്തൺ നടത്തും. ഫെബ്രുവരി ആദ്യവാരം പദ്ധതിക്ക് തുടക്കമാകും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.