മൂന്നാർ: ഗവ. ആർട്സ് കോളജിൽ ഇത്തവണയും കുട്ടികളുടെ എണ്ണത്തിൽ കുറവ്. നാല് ബിരുദ കോഴ്സുകളിൽ 44 കുട്ടികളും മൂന്ന് പി.ജി കോഴ്സുകളിൽ 25 കുട്ടികളും മാത്രമാണ് ഇത്തവണ പുതുതായി പ്രവേശനം നേടിയത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ 80 കുട്ടികൾ നാല് ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയിരുന്നു. നാല് ബിരുദ കോഴ്സും മൂന്ന് ബിരുദാനന്തര കോഴ്സുമുള്ള കോളജിൽ 606 സീറ്റാണുള്ളത്. എന്നാൽ, ഈ അധ്യയനവർഷം 186 കുട്ടികൾ മാത്രമാണിവിടെ പഠിക്കുന്നത്. നാല് ബിരുദ കോഴ്സുകളിലായി 174 സീറ്റാണുള്ളത്. 2018ലെ പ്രളയത്തിൽ ദേവികുളം റോഡിൽ പ്രവർത്തിച്ചിരുന്ന ഗവ. കോളജ് കെട്ടിടം തകർന്നിരുന്നു. ഇതിനുശേഷം എം.ജി നഗറിന് സമീപമുള്ള ബജറ്റ് ഹോട്ടൽ, എൻജിനീയറിങ് കോളജിന്റെ വർക്സ് ഷോപ്പ് കെട്ടിടം എന്നിവിടങ്ങളിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
തോട്ടം മേഖലയിൽ നിന്നുൾപ്പെടെ 525 മുതൽ 575 കുട്ടികളാണ് ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നത്. എന്നാൽ, കെട്ടിടങ്ങൾ തകർന്നതോടെ ബജറ്റ് ഹോട്ടലിലും മറ്റുമായി പ്രവർത്തിക്കുന്ന കോളജിൽ അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റലും യാത്രാസൗകര്യവുമില്ലാതായതോടെ ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാവുകയായിരുന്നു. തകർന്ന സർക്കാർ കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായെങ്കിലും കൈമാറ്റ നടപടി ആരംഭിച്ചില്ല.
സെപ്റ്റംബർ രണ്ടിന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായത്. നിലവിൽ കോളജ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്ന ഡി.ടി.പി.സിയുടെ സ്ഥലവും സമീപത്തുള്ള റവന്യു ഭൂമി, മൂന്നാർ എൻജിനീയറിങ് കോളജിന്റെ ഭൂമി എന്നിവിടങ്ങളിൽനിന്നുള്ള 10 ഏക്കറാണ് പുനർനിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. സർവേ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നതിനാൽ യാഥാർഥ്യമാകാൻ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.