മുട്ടം: മുപ്പതിനായിരത്തിലധികം ജനങ്ങൾക്ക് കുടിവെള്ളം എത്തുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണ അന്തിമഘട്ടത്തിൽ. മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ശുദ്ധീകരണ ശാലയുടെ നിർമാണമാണ് പെരുമറ്റത്ത് പുരോഗമിക്കുന്നത്. പമ്പിങ് മോട്ടോർ, പമ്പിങ് ലൈൻ, ടൈൽ പാകൽ തുടങ്ങിയ 20 ശതമാനം ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത് സംസ്ഥാന പാതയിലൂടെയാണ്. അതിനാൽ ശബരിമല സീസണിന് ശേഷമേ ആരംഭിക്കുകയുള്ളു.
എം.വി.ഐ.പിയിൽനിന്ന് ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കാൻ ചെലവാകുന്നത് 11.35 കോടിയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുന്നത്. മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എടുക്കുക. ഇത് ശുചീകരിച്ച് കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും.
100 കോടിയുടെ പദ്ധതി
100 കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്പൂർണ പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരുവിഭാഗത്തിൽനിന്നും അനുവദിച്ചിട്ടുണ്ട്. എന്നാൽ, 100 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കൂടിയ മോട്ടോറുകൾ സ്ഥാപിക്കും. ഇവിടെ നിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും. ശുചീകരണ ശേഷം ഇവിടെ നിന്നും കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ, കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതിയതായി നിർമിക്കും. മലമുകളിൽ നിർമിക്കുന്ന ടാങ്കുകളിൽ നിന്നും വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി.
നിലവിലെ പദ്ധതിക്ക് 30 വർഷത്തെ കാലപ്പഴക്കം
നിലവിലെ കുടിവെള്ള പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിലധികം കാലപ്പഴക്കമുണ്ട്. കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് പൈപ്പുകൾ ഉൾപ്പെടെയാണ് നിലവിൽ കിടക്കുന്നത്. മാത്തപ്പാറ വർഷങ്ങൾക്ക് മുമ്പ് ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക് 35 ലിറ്റർ എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും ഉള്ളത്. വേനൽ കടുക്കുമ്പോൾ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്.
ഇതിന്റെ പേരിൽ പലപ്പോഴും സംഘർഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫിസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. സമ്പൂർണ കുടിവെള്ള പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടട്ടെ എന്ന പ്രതീക്ഷയിലാണ് മുട്ടത്തെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.