മുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസം ആറ് ആയെങ്കിലും സ്ഥാപനങ്ങൾ ഒന്നും പ്രവർത്തനം ആരംഭിച്ചില്ല. 2023 ഒക്ടോബർ 14 നാണ് സ്പൈസസ് പാർക്ക് ഉദ്ഘാടനം നടന്നത്. 20 കോടി രൂപ മുതൽ മുടക്കിലാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. തുടങ്ങനാട്ടിലെ 15 ഏക്കർ സ്ഥലത്താണ് നിർമച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കിവെച്ചതിന് ശേഷം 9.5 ഏക്കർ സ്ഥലമാണ് സ്ഥാപനങ്ങൾക്കായി വാടകക്ക് നൽകുന്നത്. ഇതിൽ എട്ട് ഏക്കർ സ്ഥലം 12 സ്ഥാപനങ്ങൾ വാടകക്ക് എടുത്ത് കഴിഞ്ഞു. 30 വർഷത്തേക്കാണ് കരാർ. ഒരു സെന്റ് സ്ഥലത്തിന് 1.75 ലക്ഷം രൂപ എന്നതാണ് വാടക. സ്ഥലം വാടകക്ക് എടുത്ത സ്ഥാപനങ്ങൾ ഇനി അവർക്ക് ആവശ്യമായ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ നിർമിക്കണം. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോർഡ് ഒരുക്കി നൽകും. വാടക കമ്പനികൾ നൽകണം. വെള്ളം, കാവൽക്കാരൻ തുടങ്ങിയവർക്കായി നിശ്ചിത ശതമാനം തുകയും സംരഭകർ സ്പൈസസ് പാർക്കിന് നൽകണം.
സ്പൈസസ് പാർക്കിൽ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുമ്പോൾ നാട് വികസിക്കുമെന്നും അത് വഴി അനവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും തൊഴിൽ ലഭിക്കുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു. സ്ഥലങ്ങൾ ഏറ്റെടുക്കാൻ 2008 ൽ നോട്ടിഫിക്കേഷനും 2009 ൽ പ്രഖ്യാപനവും ഉണ്ടായി. എങ്കിലും 2023 ൽ മാത്രമാണ് പദ്ധതി ഉദ്ഘാടനം ചെയ്യാനായത്. 90 ഏക്കർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്. 33.57 ഏക്കർ മാത്രമാണ് ഏറ്റെടുത്തത്. ഏലം, കുരുമുളക് എന്നിവയുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007 കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം.
പ്രസ്തുത പാര്‍ക്കില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നിവ സ്പൈസസ് പാർക്കിന്റെ ചുമതലക്കാരായ കിന്‍ഫ്ര സജ്ജമാക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും സജ്ജമാണ്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറി മസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.