തൊടുപുഴ: ക്ലാസ്മുറിയിൽ ഇരിക്കുമ്പോൾ കിളികളുടെ കളകളാരവം, സ്കൂൾ വരാന്തകളിൽ പറന്ന് നടക്കുന്ന വർണശലഭങ്ങൾ, സ്കൂൾ പരിസരത്തെ മരങ്ങളിലെ കൂടുകളിൽനിന്ന് കൊക്ക് നീട്ടിക്കരയുന്ന കുഞ്ഞിക്കിളികൾ...
ഇങ്ങനെ പറഞ്ഞാലൊന്നും തീരുന്നതല്ല പതിപ്പള്ളി ഗവ. ട്രൈബൽ യു.പി സ്കൂളിലെ കണ്ണും മനസ്സും കുളിർക്കുന്ന കാഴ്ചകൾ. സ്കൂളിനെ ഒരു മാതൃക ഇടമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അധികൃതരും രക്ഷിതാക്കളും വിദ്യാർഥികളും നേതൃത്വത്തിൽ നൽകുന്ന പരിപാടികൾ സ്ഥാപനത്തെ സന്ദർശക ഇടമായി മാറ്റിയിട്ടുണ്ട്. വിനോദ സഞ്ചാരികളടക്കം സ്കൂളിന്റെ ഭംഗി ആസ്വദിച്ച് മടങ്ങുന്നു. ഒന്നരയേക്കറിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 46 കുട്ടികൾ പഠിക്കുന്നു. സ്കൂൾപരിസരം പ്രകൃതിസൗഹൃദമാക്കി കുട്ടികളെ ആകർഷിക്കാനും അതുവഴി പ്രകൃതിയെ അറിയാനുമായാണ് പദ്ധതികൾ ആരംഭിച്ചത്. സ്കൂളിലെ ജൈവ ഉദ്യാനമടക്കം പ്രവർത്തിക്കുന്നത് ഏറെ മാതൃകാപരമായാണ്. അറക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ ജൈവ വൈവിധ്യ ബോർഡിന്റെ ഉദ്യാനവും പതിപ്പള്ളി സ്കൂളിലാണ്. 300 തരം ഔഷധ സസ്യങ്ങളും ഇതര സസ്യങ്ങളും സ്കൂൾ മുറ്റത്തും പരിസരങ്ങളിലും വളരുന്നു. ഇതുകൂടാതെ മുത്തച്ഛൻ മാവിനെയടക്കം സംരക്ഷിക്കുന്നുണ്ട്. ആമ്പൽകുളവും മീൻകുളവും ഏറെ ആകർഷകമാണ്. വിവിധയിനം മാവുകളുമുണ്ട്. ശലഭപാർക്കാണ് മറ്റൊരു കൗതുകം.
കുട്ടികൾക്ക് സുരക്ഷിതമായി ഇരുന്ന് പഠിക്കാൻ പ്രത്യേക രീതിയിൽ മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങളുമുണ്ട്. പ്രദേശവാസികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഇതിന് ചുവട്ടിൽ അവസരം നൽകുന്നു.
ട്രൈബൽ മേഖലയിലെ കുട്ടികളായതിനാൽ സാമ്പത്തികമായി പിന്നാക്കമാണ്. സാമ്പത്തികമായി ഇവർക്ക് സഹായിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ രക്ഷിതാക്കൾ എത്തി സ്കൂളിലെ ജോലികൾക്ക് ചുക്കാൻ പിടിക്കും. കയ്യാലവെക്കൽ, ചെടി നടൽ, മരങ്ങൾക്ക് സംരക്ഷണമൊരുക്കൽ -എല്ലാം ഇവർ ചെയ്യും. മണ്ണൊലിപ്പ് തടയാൻ കയർ ഭൂവസ്ത്രവും വിരിച്ചിട്ടുണ്ട്. ഇതുകൂടാതെ രണ്ടാംഘട്ട കരനെൽ കൃഷി തുടങ്ങാനൊരുങ്ങുകയാണ്.
എൻ.പി. വത്സമ്മയാണ് സ്കൂളിലെ ഹെഡ്മാസ്റ്റർ. കുട്ടികൾക്ക് പ്രകൃതിയുമായി ബന്ധം വേണമെന്നും അതിനുവേണ്ടി ഒരു പരിസ്ഥിതി സൗഹൃദ മാതൃക സൃഷ്ടിക്കലാണ് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.