നെടുങ്കണ്ടം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുന്നു. ഒരാഴ്ചക്കിടെ രണ്ട് കൊലപാതകമടക്കം കേസുകളാണ് അരങ്ങേറിയത്. തിങ്കളാഴ്ച പുലര്‍ച്ച അസം സ്വദേശിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.
നെടുങ്കണ്ടത്തിന് സമീപം താന്നിമുട്ടില്‍ അസം സ്വദേശിനിയായ യുവതിയെ അസം സ്വദേശിതന്നെ ബലാത്സംഗത്തിന് ഇരയാക്കി രണ്ടുദിവസം ശേഷമാണ് കോമ്പയാറിന് സമീപം പൊന്നാങ്കാണിയില്‍ കൂടെ താമസിച്ചിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയയത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ ജോലിക്കാരായ ദമ്പതികളെന്ന വ്യാജേന ഒരുമിച്ച് താമസിക്കുകയായിരുന്നു.
കൊലപാതകം എന്നതിലുപരി ഇതിനായി തെരഞ്ഞെടുത്ത അതിക്രൂരമായ മാര്‍ഗമാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. ജില്ലയിലെ തോട്ടം മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നിര്‍മാണ മേഖലയിലും എല്ലാം ഇതര സംസ്ഥാനക്കാരുണ്ട്. അന്തർസ്ഥാനങ്ങളില്നിന്നും എത്തുന്നവരുടെ വിവരശേഖരണം എവിടെയുമെത്തുന്നില്ല. സ്വന്തം നാട്ടില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് നാടുവിടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
രേഖകളില്ലാതെ ബംഗാള്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നു തൊഴിലാളികളെ എത്തിക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഇവരുടെ വരവ് പൊലീസോ, ആരോഗ്യവകുപ്പോ, പഞ്ചായത്തോ അറിയുന്നില്ല.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍, തമിഴ്നാട്ടില്‍നിന്നും ദിവസേന വന്ന് മടങ്ങുന്ന തൊഴിലാളികള്‍ എന്നിവരെ ആശ്രയിച്ചാണ് ജില്ലയിലെ ഏലത്തോട്ടം മേഖല നിലനില്‍ക്കുന്നത്. എന്നാല്‍, ഇവരെ കുറിച്ചുള്ള കണക്കുകളും ലഭ്യമല്ല. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ക്കിടയില്‍ കുറ്റകൃത്യം വര്‍ധിച്ചപ്പോള്‍ ജില്ല ഭരണകൂടം ഇവരുടെ കണക്കെടുപ്പ് ആരംഭിച്ചിരുന്നെങ്കിലും പാതിവഴി മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.