നെടുങ്കണ്ടം: ഹൈറേഞ്ച് വേനല്‍ ദുരിതങ്ങളിലേക്ക്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. വെള്ളം വില്‍പ്പനക്കാര്‍ക്ക് ചാകര. കണ്ണീരുമായി കര്‍ഷകര്‍. കനത്ത വേനലിന്റെ വറുതിയിലേക്ക് ഹൈറേഞ്ച് മാറുകയാണ്. നവംബര്‍ ആരംഭത്തോടെ ജലക്ഷാമം രൂക്ഷമായി തുടങ്ങിയിരുന്നു. വേനല്‍ മഴ പെയ്തില്ലെങ്കില്‍ ഇനിയുള്ള ഏക ആശ്രയം കാലവര്‍ഷമാണ്. അതിന് മാസങ്ങള്‍ വേണ്ടിവരുമെന്നത് ഹൈറേഞ്ച് നിവാസികളെ അലട്ടുകയാണ്.
കല്ലാര്‍ പുഴയും കൂട്ടാര്‍ പുഴയും നീര്‍ച്ചാലുകളും ചെക്കുഡാമുകളും ചെറു അരുവികളും വറ്റിയതിനൊപ്പം കുഴല്‍കിണറുകള്‍ പോലും വറ്റിത്തുടങ്ങി. ഗ്രാമങ്ങളോടൊപ്പം പട്ടണങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പലയിടത്തും കുടിവെള്ളം അപൂര്‍വ വസ്തുവായി. ഗ്രാമപഞ്ചായത്ത് ആഴ്ചയില്‍ രണ്ട് തവണയായി വിതരണം ചെയ്യുന്ന 400 ലിറ്റര്‍ വെള്ളമാണ് ഏക ആശ്രയം. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. ഇവിടങ്ങളില്‍ വാഹനം എത്താത്തതിനാല്‍ പഞ്ചായത്ത് വെള്ളം പോലും കിട്ടാറില്ല.
ചൂട് കൂടിയത് കാര്‍ഷിക മേഖലക്ക് വീണ്ടും തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല, ഇരട്ടയാര്‍, വണ്ടന്മേട് പഞ്ചായത്തുകളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. പഞ്ചായത്ത് നിർമിച്ച മിക്ക കുഴല്‍ കിണറുകളും തുരുമ്പെടുത്ത് നശിച്ചു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ജല വിതരണ പദ്ധതികളൊന്നും തന്നെ മിക്ക പഞ്ചായത്തുകളിലുമില്ല. നെടുങ്കണ്ടത്ത് ജലവിതരണ അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ഒരു മാസം പിന്നിടുകയാണ്.
ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമിച്ച മിക്ക കുടിനീര് പദ്ധതികളും പ്രയോജനരഹിതമായ നിലയിലാണ്. മലമുകളില്‍ തീര്‍ത്ത ടാങ്കുകള്‍ പലതും ശൂന്യമാണ്. കുഴല്‍ കിണറുകളുടെ കഥയും വ്യത്യസ്ഥമല്ല. മിക്ക പഞ്ചായത്തിലും ജലനിധി പദ്ധതി ഉണ്ടെങ്കിലും പലതും ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ ജനങ്ങളുടെ ദാഹമകറ്റാന്‍ ഉതകുന്നവയല്ല. വേനല്‍ കടുക്കും മുമ്പേ ജില്ലയില്‍ ഭൂമി തുരന്ന് മുന്നേറുകയാണ് കുഴല്‍ കിണര്‍ നിർമാതാക്കള്‍. വേനല്‍ ആരംഭത്തോടെ ലോറികളില്‍ ഘടിപ്പിച്ച ഭൂമി തുരക്കുന്ന യന്ത്രസാമഗ്രികളുമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ് ഹൈറേഞ്ചിലെമ്പാടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.