മൂലമറ്റം: സീറോ ലാൻഡ്ലസ് പദ്ധതിപ്രകാരം ഭൂരഹിത ഭവനരഹിതർക്ക് ലഭിച്ച ഭൂമിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനാൽ അനാഥമായിക്കിടക്കുന്നു. കുടയത്തൂർ വില്ലേജിലെ ഇലവീഴാപ്പൂഞ്ചിറ, ഇലപ്പള്ളി വില്ലേജിലെ കുമ്പങ്കാനം, പുള്ളിക്കാനം പ്രദേശങ്ങളിൽ ഭവന രഹിതർക്കായി ലഭിച്ച ഹെക്ടർ കണക്കിന് ഭൂമിയാണ് അനാഥമായത്.
ഗതാഗത സൗകര്യം കുറവുള്ളതും അടിസ്ഥാന സൗകര്യം ഇല്ലാത്തതുമായ പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ, കുമ്പങ്കാനം പ്രദേശങ്ങൾ.
കരിമണ്ണൂർ, കരിങ്കുന്നം, കുടയത്തൂർ, കുമാരമംഗലം, മണക്കാട് തുടങ്ങിയ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള ഭൂരഹിതർക്ക് ഉമ്മൻചാണ്ടി സർക്കാറാണ് മൂന്ന് സെൻറ് വീതം പതിച്ചുനൽകിയത്. ഈ ഭൂമി വാസയോഗ്യമല്ലെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു.
പട്ടയം തിരികെനൽകുന്നു
തൊടുപുഴ താലൂക്കിൽ 2237പേരാണ് ഭൂരഹിത പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ ഇലപ്പള്ളിയിൽ മാത്രം 1679 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി തയാറാക്കി. പകുതിയലധികം പേർക്കും അന്ന് പട്ടയം നൽകി. ബാക്കി കുറേപ്പേർ പിന്നീട് പട്ടയം വാങ്ങുകയും ചിലർ തിരികെ നൽകുകയും ചെയ്തു.
1679 പേർ ഇലപ്പള്ളി പോലുള്ള ഉയർന്ന പ്രദേശത്ത് താമസിക്കാൻ എത്തുമ്പോൾ വേണ്ടുന്ന അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കിയിട്ടുമില്ല. വൈദ്യുതിയില്ല. കുടിവെള്ളത്തിനും ക്ഷാമം.
ഇലവീഴാപ്പൂഞ്ചിറയിലെ സ്ഥലത്ത് എത്തണമെങ്കിൽ ഗതാഗത യോഗ്യമായ റോഡല്ല. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള പ്രദേശമാണിവിടം. കാഞ്ഞാറിൽനിന്ന് വല്ലപ്പോഴുമുള്ള ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചാണ് പൂഞ്ചിറ നിവാസികൾ സഞ്ചരിക്കുന്നത്. 44 പേർക്കാണ് ഇലവീഴാപ്പൂഞ്ചിറയിൽ അന്ന് സ്ഥലം അനുവദിച്ചത്. ഇതിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് വീട് നിർമിച്ചത്. കുമ്പങ്കാനം പ്രദേശത്തെയും അവസ്ഥ വിഭിന്നമല്ല.
അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം എന്നീ സൗകര്യം ഒരുക്കിയാൽ ചില പ്രദേശങ്ങളിൽ എങ്കിലും താമസത്തിന് ആളുകൾ എത്തിയേക്കും. എന്നാൽ, അധികൃതർ ഇതിന് തയാറാകുന്നില്ല. ഇവിടങ്ങളിൽ ഭൂമി ലഭിച്ചവർ വില്ലേജ് ഒാഫിസുകളിൽ എത്തി പട്ടയം തിരിച്ചേൽപിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.