പീരുമേട്: വാഗമൺ വില്ലേജ് ഓഫിസിനു സമീപം പ്രകൃതി മനോഹാരിത നിറഞ്ഞ മൂൺമല ഇടിച്ചുനിരത്തി നിർമാണം. മുമ്പ് സർക്കാർ സ്ഥലമെന്ന് ചുണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് കുന്നിൻചെരിവിലൂടെ റോഡ് നിർമാണം ഉൾപ്പെടെ തകൃതിയായി നടക്കുന്നത്. ഏതാനും ദിവസമായി യന്ത്രസഹായത്തോടെ മലനിരകൾ തകർക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ റവന്യുവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വില്ലേജ് ഓഫിസിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് അനധികൃത നിർമാണം. തുടർന്ന് പ്രദേശവാസികൾ മന്ത്രിക്ക് പരാതി നൽകി. മൂൺമലയിൽ വ്യാജ രേഖകൾ ചമച്ച് ഭൂമി കൈവശപ്പെടുത്തിയ പരാതികളിലും അന്വേഷണം അട്ടിമറിച്ചതായി ആരോപണമുണ്ട്. ഭൂസംരക്ഷണസേനയുടെ പ്രവർത്തനം ഇപ്പോൾ വാഗമൺ വില്ലേജിൽ നിർജീവമാണ്.
സർക്കാർ സ്ഥലങ്ങർ കയ്യേറുന്നത് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതുൾപ്പടെ പ്രവർത്തനങ്ങൾ ഭൂസംരക്ഷണ സേനാംഗങ്ങൾ നടത്തിയിരുന്നതാണ്. എന്നാൽ കടുത്ത സമ്മർദങ്ങളെ തുടർന്ന് സേനയുടെ പ്രവർത്തനം മുടങ്ങുകയായിരുന്നു. അതിനിടെ നാളുകളായി വാഗമൺ വില്ലേജിൽ വില്ലേജ് ഓഫിസറും ഇല്ല. ഉപ്പുതറ വില്ലേജ് ഓഫിസർക്കാണ് ചുമതല. ഇത്രയും പ്രാധാന്യം നിറഞ്ഞ സ്ഥലത്ത് വില്ലേജ് ഓഫിസറെ നിയമിക്കാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടും തീരുമാനമില്ല. മൂൺമല ഇടിച്ചുനിരത്തിയുള്ള നിർമാണത്തിനെതിരെ പ്രദേശവാസികൾ ശക്തമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.