പീരുമേട്: എക്കാലത്തെയും അനുഗൃഹീത സുഖവാസ കേന്ദ്രമായ പീരുമേട്ടിൽ സഞ്ചാരികൾക്ക് പതിറ്റാണ്ടുകൾ ആതിഥ്യമരുളിയ സർക്കാർ ഗെസ്റ്റ് ഹൗസ് അടഞ്ഞു കിടക്കുന്നു. പീരുമേട്ടിലെ 50 വർഷം മുമ്പത്തെ ‘സുഖവാസ കേന്ദ്ര’മാണ് കോവിഡ് കാലത്ത് അടഞ്ഞത്.
സ്വകാര്യ ലോഡ്ജുകൾ ഇല്ലാതിരുന്ന 1990 വരെ പീരുമേട്ടിൽ സഞ്ചാരികളുടെ താമസ സൗകര്യം സർക്കാർ അഥിതി മന്ദിരമായിരുന്നു.
എന്നാൽ, ഇന്ന് സഞ്ചാരികൾക്ക് ഉപയോഗപ്പെടുന്നില്ല. അറ്റകുറ്റപ്പണിക്കും പുതിയ കെട്ടിട നിർമാണത്തിനും അടച്ചുപൂട്ടിയതാണ്. ഇനിയും തുറന്നിട്ടില്ല. പ്രധാന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നു. മരത്തടിയിൽ നിർമിച്ച പുതിയ സമുച്ചയം ഉദ്ഘാടനത്തിന് കാത്തുകിടക്കുന്നു. ഇതിന് പരിസരത്തുള്ള മോടിപിടിപ്പിക്കലും വർഷങ്ങളായി ഇഴയുന്നു.
പ്രധാന കെട്ടിടത്തിൽനിന്ന് ദൂരെയുള്ള അനക്സ് കെട്ടിടത്തിലെ നാല് മുറികൾ മാത്രമാണ് വാടകക്ക് നൽകുന്നത്. രാജഭരണകാലത്ത് നിർമിച്ച അതിഥി മന്ദിരത്തിൽ താമസിക്കാനും ഭക്ഷണം കഴിക്കാനും സഞ്ചാരികളുടെ തിരക്കായിരുന്നു. കെട്ടിടത്തിൽ വി.ഐ.പി പരിഗണനക്ക് ശേഷമാണ് മറ്റുള്ളവർക്ക് മുറികൾ നൽകുന്നത് ജഡ്ജിമാർ, മന്ത്രിമാർ, കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കായിരുന്നു മുൻഗണന.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ
1960 മുതൽ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനും കോടമഞ്ഞ് പെയ്തിറങ്ങുന്ന അഥിതി മന്ദിരമായിരുന്നു. താമസിക്കാൻ മറ്റു സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിങ് യൂനിറ്റ് പൂർണമായും ഇവിടെ തമ്പടിച്ചിരുന്നു.
കാട്ടുതുളസി, മറവിൽ തിരിവ് സൂക്ഷിക്കുക, ആരതി, അഗ്നിവ്യൂഹം, അറിയപ്പെടാത്ത രഹസ്യം തുടങ്ങി നിരവധി സിനിമകൾ പൂർണമായും ഇവിടെയാണ് ചിത്രീകരിച്ചത്. അഥിതി മന്ദിരത്തിൽ താമസിക്കാൻ നിരവധി ആളുകൾ ഇപ്പോഴും എത്തുന്നു. പക്ഷേ, നിരാശയാണ് ഫലം. ആരംഭകാലം മുതൽ അനക്സ് കെട്ടിടത്തിന് മുന്നിൽ വിശാലമായ പൂന്തോട്ടവും പുൽത്തകിടിയുമുണ്ടായിരുന്നു.
തോട്ടം പരിപാലിക്കാൻ പൂന്തോട്ടക്കാരൻ എന്ന തസ്തികയിൽ ജീവനക്കാരനും ഉണ്ടായിരുന്നു. പുതിയ കെട്ടിടം നിർമിച്ചപ്പോൾ പൂന്തോട്ടം പൂർണമായും നശിപ്പിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടം സഞ്ചാരികൾക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റുമതിലടക്കം നിരവധി നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളായി ഇഴയുന്നു.
യാത്രിനിവാസും അടഞ്ഞുതന്നെ
അഥിതി മന്ദിരത്തിനോട് ചേർന്ന് 2000ൽ ആരംഭിച്ച കെ.ടി.ഡി.സിയുടെ യാത്രിനിവാസും അടഞ്ഞുതന്നെ. വിശാലമായ ഭക്ഷണശാല ഉൾപ്പെടെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന യാത്രിനിവാസ് ഇപ്പോഴില്ല. കോവിഡിന് ശേഷം അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടിയെങ്കിലും തുറന്ന് പ്രവർത്തിച്ചിട്ടില്ല. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികൾ ഉണ്ടായിരുന്ന സ്ഥാപനമാണ് കെടുകാര്യസ്ഥതയെ തുടന്ന് പ്രവർത്തനം നിലച്ചത്. ഉച്ചഭക്ഷണത്തിനായി വൻ തിരക്കായിരുന്നു ഇവിടെ. ഓണസദ്യക്കും വൻ ബുക്കിങ്ങാണ് ലഭിച്ചിരുന്നത്. എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും ഇഷ്ട താമസകേന്ദ്രമായിരുന്നു യാത്രിനിവാസ്. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ രണ്ട് സ്ഥാപനങ്ങളാണ് കെടുകാര്യസ്ഥത മൂലം അടഞ്ഞു കിടക്കുന്നത്. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട വരുമാനവും നഷ്ടമാകുന്നു.
കെ.എം. മാണി ബജറ്റ് തയാറാക്കിയിരുന്നത് ഇവിടെ
പ്രധാന കെട്ടിടത്തിന്റെ വലതുവശത്ത് റോഡുവക്കിനോട് ചേർന്ന മുറി മന്ത്രിയായിരുന്ന കെ.എം. മാണിക്ക് പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം വർഷംതോറും ബജറ്റ് തയാറാക്കുന്നതിന് ഇവിടെയാണ് താമസിച്ചിരുന്നത്. ആഴ്ചകളോളം ഇവിടെയുണ്ടാകും. ബജറ്റ് പൂർത്തിയാക്കിയേ മാണി മടങ്ങിയിരുന്നുള്ളൂ. അതിരാവിലെ വിശാലമായ പൂന്തോട്ടത്തിലും സമീപവും നടക്കുന്നതും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.