അടിമാലി: പൊള്ളുന്ന ചൂടിൽ ഹൈറേഞ്ചും വേകുന്നു. തുടർച്ചയായ ദിവസങ്ങളിൽ താപനില 35 ഡിഗ്രിക്ക് മുകളിലാണ്. മേഖലയിൽ അടുത്ത കാലത്തൊന്നും ഇത്രയും കടുത്ത ചൂട് അനുഭവപ്പെട്ടിട്ടില്ല. തണുപ്പ് കൂടുതലുള്ള മൂന്നാർ അടക്കം പ്രദേശങ്ങളിലും ചൂട് കൂടുകയാണ്. കട്ടപ്പന 33 ഡിഗ്രി സെൽഷ്യസ്, മൂന്നാർ 28, മറയൂർ 25, ഇടുക്കി 34 എന്നിങ്ങനെയാണ് ചൊവ്വാഴ്ച പകൽ വിവിധ സ്ഥലങ്ങളിലെ ഉയർന്ന താപനില.
ചൂട് താങ്ങാനാകാത്തതിനാൽ പകൽ ടൗണുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ആളുകൾ കുറവാണ്. പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കമായതിനാൽ തിരക്കുണ്ടാവേണ്ട സമയമാണിത്. ചൂട് കൂടുന്നതിനു മുമ്പ് രാവിലെയും പിന്നെ വൈകീട്ടുമാണ് ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത്. മൂന്നാറിൽ രാത്രി താപനില 15ൽ താഴെയാണെന്നത് സഞ്ചാരികൾക്ക് ആശ്വാസമാണ്.
അടിമാലി: കടുത്ത ചൂട് ക്ഷീരമേഖലയെ സാരമായി ബാധിച്ചു. താപനില മുൻ വർഷങ്ങളിലൊന്നുമില്ലാത്ത വിധം ഉയർന്നതോടെ പാൽ ഉൽപാദനം കുറയുകയാണ്.
അന്തരീക്ഷ ഊഷ്മാവ് പ്രതിരോധിക്കാൻ കന്നുകാലികൾക്ക് സാധിക്കാത്തതാണ് പാലിന്റെ അളവ് കുറയാൻ കാരണം. പാലിന്റെ കുറവ് ക്ഷീരകർഷകരുടെ വരുമാനത്തെയും ബാധിച്ചു. കഴിഞ്ഞ വർഷം ശരാശരി 30 ഡിഗ്രി വരെയായിരുന്നു പരമാവധി താപനില രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ ശരാശരി 35 ഡിഗ്രിയാണെന്നാണ് കണക്കാക്കുന്നത്. താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ തന്നെ പാൽ ഉൽപാദനത്തിൽ 10 ശതമാനം വരെ കുറവുണ്ടാകും.
രാവിലെയും വൈകീട്ടും പശുക്കളിൽനിന്ന് പാൽ ശേഖരിക്കുമ്പോൾ 10 മുതൽ 20 ശതമാനം വരെ അളവിൽ കുറവുണ്ടാകുന്നുവെന്ന് ക്ഷീരകർഷകർ പറയുന്നു. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ മുന്നിലുള്ള ജില്ലയിൽ ഉൽപാദനം 15 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.