ചെറുതോണി: ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ മരണത്തെ മുഖാമുഖം കണ്ട ധീരജവാൻ കണ്ണാരത്തിൽ ചാക്കോ ഓർമയായി. ഇന്ത്യ-ചൈന യുദ്ധത്തിൽ സാക്ഷിയാകുകയും ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും രാജ്യത്തിനുവേണ്ടി ധീരോദാത്തമായ ചെറുത്തുനിൽക്കുകയും ചെയ്ത ജവാന്മാരിൽ ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു. കരിമ്പനിലെ തറവാട്ട് വീട്ടിലായിരുന്നു അന്ത്യം. പാകിസ്താൻ യുദ്ധത്തിൽ വെടിയുണ്ടകൾക്കും ശത്രുക്കൾ വർഷിക്കുന്ന ബോംബുകൾക്കുമിടയിൽ മരണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഇദ്ദേഹം ഓർമക്കുറിപ്പിലെഴുതിയിട്ടുണ്ട്.
1962 ഒക്ടോബർ 22ന് പുലർച്ച ചീനപ്പട്ടാളം ആഞ്ഞടിക്കുമ്പോൾ തണുത്തുവിറക്കുന്ന കശ്മീരിലെ ലഡാക്കിൽ അവസാനവട്ടം പരിശീലനത്തിലായിരുന്നു ഇദ്ദേഹം. സീനിയർ പട്ടാളക്കാരെല്ലാം യുദ്ധമുന്നണിയിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ തങ്ങൾ അവസാന റൗണ്ട് പരിശീലനത്തിലായിരുന്നുവെന്ന് ചാക്കോ പറയുമായിരുന്നു. ലഡാക്കിലും സിക്കിമിലെ നാഥു ലാപാസിലും അരുണാചൽ പ്രദേശിലെ തവാങ്ങിലുമൊക്കെ ഉറ്റവരും ഉടയവരുമായ നൂറുകണക്കിന് സൈനികർ വീരചരമം പ്രാപിക്കുന്ന വാർത്ത റേഡിയോയിലൂടെ എത്തിക്കൊണ്ടിരുന്നു. അക്കാലത്ത് ഏക വാർത്തമാധ്യമം റേഡിയോ മാത്രമായിരുന്നു. രൂക്ഷമായ പോരാട്ടം നടന്ന യുദ്ധമുന്നണിയായ ലഡാക്കിലേക്ക് അവസാനയാത്ര പുറപ്പെടും മുമ്പ് വെടിനിർത്തൽ വാർത്തയെത്തിയപ്പോൾ ആശ്വാസം കൊണ്ടത് തങ്ങളായിരുന്നുവെന്ന് ഭാര്യ ത്രേസ്യാമ്മ ഓർക്കുന്നു. അന്ന് നാട്ടിൽ പ്രാർഥനയും കണ്ണീരുമായി കഴിയുകയായിരുന്നു. സന്തോഷം അധികനാൾ നീണ്ടില്ല. 1965ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം തുടങ്ങി, നേരിട്ട് പങ്കെടുക്കേണ്ടിവന്നു. ജമ്മു-കശ്മീരിൽ നടന്ന പോരാട്ടത്തിൽ ശത്രുപക്ഷത്തിെൻറ വെടിയേറ്റ് മരിച്ചവരെക്കുറിച്ചും അംഗവൈകല്യം സംഭവിച്ചവരെക്കുറിച്ചുമെല്ലാം ഇദ്ദേഹം ഓർമകൾ ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു. ഇരുപതാമത്തെ വയസ്സിൽ കോട്ടയം കല്ലറയിൽനിന്ന് പട്ടാളത്തിൽ ചേരാൻ വണ്ടി കയറുന്നതിന് പ്രേരിപ്പിച്ചത് രാജ്യസ്നേഹം മാത്രമല്ല തൊഴിലില്ലായ്മ കൂടിയായിരുന്നുവെന്ന് ഇദ്ദേഹം പറയുമായിരുന്നു.
തുടക്കത്തിൽ പട്ടാളച്ചിട്ട അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ശീലമായി. ഗുരുചരൺ സിങ്ങായിരുന്നു ബ്രിഗേഡിയൻ.
ബംഗളൂരുവിലെ ആർമി സർവിസ് കോറിലായിരുന്നു ആദ്യ പരിശീലനം. യുദ്ധമുന്നണിയിലും പരിശീലനത്തിലുമെല്ലാം വിട്ടുപിരിയാതെ മൂന്ന് സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. യുദ്ധമുന്നണിയിൽനിന്ന് പോന്നശേഷം ഇവരുമായ കൂട്ടുകെട്ടും വഴിപിരിഞ്ഞു. അതിൽ ഒരാൾ പാഴിയാങ്കൽ എബ്രഹാം മാങ്കുളത്തുെണ്ടന്നറിഞ്ഞെങ്കിലും കാണണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് ചാക്കോ യാത്രയാകുന്നത്. പട്ടാളത്തിലെ സൈനിക സേവനത്തിനുശേഷം പിരിഞ്ഞ് നാട്ടിലെത്തിയ ചാക്കോ വൈദ്യുതി ബോർഡ് ജീവനക്കാരനായി വിരമിച്ചു. ഭാര്യയുമൊന്നിച്ച് ഇളയ മകനോടൊപ്പം കരിമ്പനിലായിരുന്നു താമസം. നിരവധി പേർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.