മൂലമറ്റം: ടൗണിൽ കണ്ടെന്നു പറയുന്നത് കടുവയല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. മൂലമറ്റത്തോട് ചേർന്ന ഇടുക്കി വനത്തിൽ കടുവയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. പെരിയാർ വനത്തിലെ ഉൾക്കാടുകളിൽ മാത്രമാണ് കടുവയുള്ളത്. കൂടാതെ കടുവക്ക് 100 മുതൽ 300 കിലോ ഭാരം ഉണ്ടാവാറുണ്ട്. എന്നാൽ, ഇവിടെ കണ്ടതായി ദൃക്സാസാക്ഷികൾ പറയുന്ന കടുവയുടെ വലിപ്പം വച്ച് നോക്കുമ്പോൾ 30-40 കിലോ മാത്രമാണ് ഭാരം. ഈ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ട് ദിവസമായി മൂലമറ്റത്തുള്ളവർ ഭീതിയിലാണ്. കടുവയെ നേരിൽ കണ്ടതായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പുലർച്ച റബർ ടാപ്പിങിന് പോലും ആളുകൾ പോകാതായി. ഇതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കടുവയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറയിൽ ഈ സമയത്ത് പട്ടി കടന്നുപോകുന്നതാണ് കണ്ടത്. ആളുകൾ ഭീതിയിലാകേണ്ടതില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പലയിടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപാട് കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ചിയാനിക്കൽ തൊമ്മച്ചന്റെ വീട്ടിൽ കടുവയെ കണ്ടതായി പറയുന്നുണ്ട്. ഇവിടെ ചെറിയ കാൽ അടയാളമാണ് കണ്ടത്. ഇത് കടുവയുടേതല്ല. വെള്ളിയാഴ്ച പതിപ്പള്ളിയിൽ മരത്തിന് മുകളിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. കടുവ മരത്തിന് മുകളിൽ കയറില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.