തൊടുപുഴ: കാടോ പുഴയോ എന്തുമാകട്ടെ വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ കാൽനടയായും അല്ലാതെയും കിലോ മീറ്റർ താണ്ടാൻ മടിയില്ല ഇടുക്കിക്കാർക്ക്. കാൽനടയായും ട്രിപ്പ് ജീപ്പുകളിലുമായുമൊക്കെ കിലോമീറ്ററുകൾ താണ്ടി വോട്ടർമാരെത്തുന്ന ബൂത്തുകൾ ജില്ലയിലുണ്ട്. മൂന്നാർ മേഖലയിലെ ഏറ്റവും വിദൂര ബൂത്തുകൾ ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാർ, മുളകുതറ, സൊസൈറ്റിക്കുടി, വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, കൊട്ടാക്കമ്പൂർ, പഴത്തോട്ടം എന്നിവയാണ്. പെട്ടിമുടിയിൽ നിന്നു 10 കിലോമീറ്റർ ദൂരത്തുള്ള കേപ്പക്കാട് വരെ വാഹനത്തിലെത്തിയ ശേഷം വനത്തിലൂടെ 10 കിലോമീറ്റർ ദൂരം നടന്നു വേണം പരപ്പയാർ ഇക്കോ ഡെവലപ്മെന്റ് സെന്റർ (31ാം നമ്പർ ) ബൂത്തിലെത്താൻ. ഇവിടെ ആകെ 296 വോട്ടർമാരാണുള്ളത്.
പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ നടന്ന് (കുറച്ചു ദൂരം വാഹനം പോകും) വേണം മുളകുതറ കമ്യൂണിറ്റി ഹാൾ ( 32-ാം നമ്പർ ബൂത്തിലെത്താൻ. ആകെ 507 വോട്ടർമാരാണുള്ളത്. പോളിങ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ കമ്യൂണിറ്റി ഹാളിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നാർ, പെട്ടിമുടി വഴി ജീപ്പ് സൗകര്യം മാത്രമാണ് സൊസൈറ്റിക്കുടി എൽ.പി സ്കൂൾ (30ാം നമ്പർ ബൂത്ത്) ബൂത്തിലേക്ക്. 1041 വോട്ടർമാർ ഇവിടെയുണ്ട്.
കാന്തല്ലൂർ പഞ്ചായത്തിലെ മാങ്ങാപ്പാറ ആദിവാസിക്കുടിയിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാൻ സഞ്ചരിക്കേണ്ടത് 35 കിലോമീറ്റർ ദൂരമാണ്. പയസ് നഗറിലാണ് ഇവരുടെ പോളിങ് ബൂത്ത്. മാങ്ങാപ്പാറയിൽ നിന്ന് ചമ്പക്കാട് പിന്നിട്ട്, അന്തർ സംസ്ഥാന പാതയിലൂടെ മറയൂരിൽ എത്തി വേണം ബൂത്തിലെത്താൻ. ജീപ്പ് വാടക 3000 രൂപയോളമാകും.
ചിന്നാർ വന്യജീവി സങ്കേതത്തിലെ വിദൂര വനത്തിനുള്ളിൽ താമസിക്കുന്ന മുളകാമുട്ടി ആദിവാസിക്കുടിയിലെ വോട്ടർമാർ മൂന്നര കിലോമീറ്റർ നടന്നെത്തണം. മുളകാമുട്ടികുടിയിൽ നിന്നു തായണ്ണൻ കുടി വരെ കാൽനടയായി എത്തി അവിടെനിന്ന് 20 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ച് മറയൂർ ഗ്രാമത്തിൽ ഒന്നാം നമ്പർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തണം. ഇവരും 26ന് വോട്ടിടാൻ എത്തും.
ചിന്നക്കനാൽ 301 കോളനിയിലുള്ളവർ വോട്ട് ചെയ്യാനായി അഞ്ച് കിലോമീറ്റർ അകലെയുള്ള ചെമ്പകത്തൊഴുക്കുടിയിലെ ഗവ. പ്രൈമറി സ്കൂളിൽ എത്തണം. 80ലധികം വോട്ടർമാരാണ് 301 കോളനിയിൽ ഉള്ളത്. ചെമ്പകത്തൊഴുക്കുടിയിൽ കാട്ടാനശല്യം ഇല്ലെങ്കിലും 301 കോളനിയിൽ നിന്ന് ഇവിടേക്ക് പോകുന്ന വഴിയിൽ കാട്ടാനകളുടെ സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.